മണ്ണഞ്ചേരി: മണ്ണഞ്ചേരി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന നീണ്ടനാളത്തെ മുറവിളിക്ക് ഒടുവില്‍ പരിഹാരമായി. പഞ്ചായത്ത് ഭരണസമിതിയും പൊലീസും സംയുക്തമായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഗതാഗത പരിഷ്കാരത്തിന് തീരുമാനമായത്. യോഗതീരുമാനമനുസരിച്ച് വടക്കുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ജങ്ഷന് തെക്കുമാറി ഫെഡറല്‍ ബാങ്കിന്‍െറ എ.ടി.എമ്മിന് സമീപം നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. തെക്കുനിന്ന് വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ പഞ്ചായത്തിന്‍െറ അധീനതയിലുള്ള സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യണം. സ്വകാര്യബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് സര്‍വിസ് ആരംഭിച്ചാല്‍ പിന്നീട് അടിവാരം ജങ്ഷനില്‍ നിര്‍ത്തി ആളെ കയറ്റണം. മണ്ണഞ്ചേരി സ്കൂള്‍ ജങ്ഷന്‍, തമ്പകച്ചുവട്, നേതാജി, റോഡ്മുക്ക് എന്നിവിടങ്ങളില്‍ ഇരുവശങ്ങളില്‍നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും ഒരേ സ്ഥലത്തുതന്നെ നിര്‍ത്തുന്നത് അവസാനിപ്പിക്കണം. മണ്ണഞ്ചേരി സ്കൂള്‍ ജങ്ഷനിലെ സ്റ്റോപ് തെക്കുനിന്നുവരുന്ന വാഹനങ്ങള്‍ ജങ്ഷനില്‍ നിന്ന് 50 മീറ്റര്‍ വടക്കോട്ടുമാറിയും വടക്കുനിന്നുവരുന്ന ബസുകള്‍ സ്കൂള്‍ ജങ്ഷനില്‍ നിന്ന് 50 മീറ്റര്‍ തെക്കോട്ടുമാറിയും നിര്‍ത്തണം. വ്യാഴാഴ്ച പൊലീസ് സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എസ്.ഐ രാജന്‍ ബാബുവിനുപുറമെ പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണി ഗോപിനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി സി.കെ. ഷിബു, വൈസ് പ്രസിഡന്‍റ് മഞ്ജു രതികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.