വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറാന്‍ ‘കിളി’ കനിയണം; സീറ്റിലിരുന്നാല്‍ കൈയാങ്കളി

വടുതല: മഴയാണെങ്കിലും വെയിലാണെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ബസില്‍ കയറണമെങ്കില്‍ ജീവനക്കാര്‍ കനിയണം. സ്വകാര്യബസുകളുടെ വാതിലിനു മുന്നില്‍ ഊഴംകാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ പതിവുകാഴ്ചയായി. ബസില്‍ എത്ര വിദ്യാര്‍ഥികള്‍ കയറണമെന്ന് തീരുമാനിക്കുന്നത് ‘കിളി’യെന്ന് വിളിക്കപ്പെടുന്ന ക്ളീനറാണ്. 15 വിദ്യാര്‍ഥികളാണ് മിക്ക ബസുകാരുടെയും കണക്ക്. വിദ്യാര്‍ഥികളെ ബസിന്‍െറ വാതിലിന് പുറത്ത് കാത്തുനിര്‍ത്തിച്ച് ഒടുവില്‍ കയറ്റാതെ പോകുന്നവരുമുണ്ട്. ബസ് മുന്നോട്ട് എടുത്തുതുടങ്ങുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് കയറാന്‍ അവസരം കിട്ടുന്നത്. ധിറുതിയില്‍ ചാടിക്കയറാന്‍ കഴിയുന്നവര്‍ക്ക് സമയത്തിനുതന്നെ സ്കൂളിലത്തൊം. നീങ്ങിത്തുടങ്ങുന്ന ബസില്‍ വലിയ ബാഗുമായി ചാടിക്കയറുന്നത് അപകടമാണ്. സീറ്റ് ഒഴിവുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ ഇരിക്കാന്‍ പാടില്ളെന്നാണ് ജീവനക്കാരുടെ അലിഖിത നിയമം. യാത്രാനിരക്കില്‍ ഇളവനുവദിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ സീറ്റിലിരുന്ന് യാത്ര ചെയ്യരുതെന്ന നിയമം മോട്ടോര്‍ വാഹന വകുപ്പിന്‍െറ നിയമത്തിലൊന്നുമില്ല. പകരം ഇത്തരമൊരു കിരാതമായ കീഴ്വഴക്കം ഉണ്ടാക്കിയത് ബസ് ജീവനക്കാരാണ്. വിദ്യാര്‍ഥികള്‍ ഇടിച്ചുകയറി സീറ്റിലിരുന്നാല്‍ വരുമാന നഷ്ടമുണ്ടാവുമെന്ന ജീവനക്കാരുടെ വാദം മനസ്സിലാക്കാം. എന്നാല്‍, സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാന്‍ പാടില്ളെന്ന നിയമം ബാലാവകാശ ലംഘനം കൂടിയാണ്. ബസ് ജീവനക്കാരുടെ ഇത്തരം നിലപാടുകളെ തിരുത്തിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോ പൊലീസിനോ കഴിഞ്ഞിട്ടില്ല. ഒഴിവുള്ള സീറ്റിലിരിക്കാന്‍ തയാറാവുന്ന വിദ്യാര്‍ഥികളോട് ജീവനക്കാര്‍ മോശമായാണ് പെരുമാറുക. ആണ്‍കുട്ടികളാണെങ്കില്‍ ജീവനക്കാര്‍ കൈയാങ്കളിക്കുവരെ തയാറാണ്. പെണ്‍കുട്ടികളാണെങ്കില്‍ ചീത്തപറച്ചില്‍, അപമാനിക്കല്‍, ആക്ഷേപിക്കല്‍ തുടങ്ങിയവയാണ് ജീവനക്കാരുടെ ആയുധം. വിദ്യാര്‍ഥികളെ വാതിലിനു മുന്നില്‍ കാത്തുനിര്‍ത്തിക്കരുതെന്ന് ബാലാവകാശ കമീഷന്‍െറ ഉത്തരവുണ്ടെങ്കിലും നടപ്പായിട്ടില്ല. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണമെന്നാണ് സ്കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.