അര്‍ജുന്‍െറ നീന്തല്‍ സമരം അവസാനിപ്പിക്കണമെന്ന് യോഗം

ആലപ്പുഴ/വടുതല: പൂത്തോട്ട കെ.പി.എം.എച്ച് സ്കൂള്‍ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥി അര്‍ജുന്‍ പി. സന്തോഷിന്‍െറ കായല്‍ നീന്തിയുള്ള സമരം അവസാനിപ്പിക്കാനായി ആരിഫ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേര്‍ന്നു. കലക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷതവഹിച്ചു. പെരുമ്പളം-പാണാവള്ളി പാലത്തിന്‍െറ പ്രൊപ്പോസല്‍ തയാറാക്കാന്‍ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തി. പൂത്തോട്ട-പാത്രക്കടവ് ജങ്കാര്‍ ജെട്ടി എത്രയും വേഗം യാഥാര്‍ഥ്യമാക്കി ജങ്കാര്‍ സര്‍വിസ് ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് യോഗത്തില്‍ അറിയിച്ചു. പെരുമ്പളം ദ്വീപിലേക്കുള്ള ബോട്ട് സര്‍വിസ് കൃത്യമായി നടത്താന്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. സമരം അവസാനിപ്പിക്കാന്‍ നിയമാനുസൃത നോട്ടീസ് നല്‍കാനും സമരം അവസാനിപ്പിച്ചില്ളെങ്കില്‍ നിയമനടപടിയെടുക്കാനും ജില്ലാ പൊലീസ് ചീഫ് നിയോഗിച്ച ഉദ്യോഗസ്ഥനോട് യോഗം നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എം. പ്രമോദ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷിബു എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍, പാലത്തിന്‍െറ കാര്യത്തില്‍ വ്യക്തമായ ഉറപ്പ് അധികൃതരില്‍നിന്ന് ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് അര്‍ജുന്‍െറയും പിതാവിന്‍െറയും സമരാനുകൂലികളുടെയും നിലപാട്. കാലവര്‍ഷം തുടങ്ങിയതോടെ കായലില്‍ ഒഴുക്കും അടിത്തട്ടില്‍ തണുപ്പും വര്‍ധിച്ചിട്ടുണ്ട്. മഴക്കാലത്ത് സമരം തുടരുന്നത് സുരക്ഷക്ക് വലിയ ഭീഷണിയാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. അതേ സമയം അര്‍ജുന്‍െറ സമരത്തിന് പിന്തുണയേറുകയാണ് . യൂത്ത് കോണ്‍ഗ്രസിന്‍െഹ നേതൃത്വത്തില്‍ പിന്തുണയുമായി അര്‍ജുന്‍ നീന്തുന്നതിനൊപ്പം വള്ളത്തില്‍ അനുഗമിക്കുകയും കായല്‍ നീന്തിക്കയറിയ അര്‍ജുന് സ്വീകരണം നല്‍കുകയും ചെയ്തു. എന്‍.എസ്.യു ദേശീയ സെക്രട്ടറി അഡ്വ. എസ്. ശരത്ത്, അരൂര്‍ മണ്ഡലം പ്രസിഡന്‍റ് അഡ്വ. രാജേഷ്, പെരുമ്പളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ഷിബു എന്നിവര്‍ അര്‍ജുനെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.