ചെങ്ങന്നൂര്‍: വനിതാ ഐ.ടി.ഐയില്‍ കഴിഞ്ഞ ദിവസം കാറ്റിലും മഴയിലും വന്‍ ദുരന്തമാണ് വഴിമാറിയത്. മേല്‍ക്കൂര തകര്‍ന്ന് ക്ളാസ് മുറികളിലേക്ക് വീഴാതെ ദൂരേക്ക് പറന്നുപോയതുകൊണ്ടാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ 11.30ന് ക്ളാസുകളുടെ ഇടവേളയിലാണ് ശക്തമായ കാറ്റില്‍ മേല്‍ക്കൂര ഉറപ്പിച്ചിരുന്ന ഇരുമ്പുപൈപ്പുകള്‍ ഉള്‍പ്പെടെ ഇളകി പറന്നുപോയത്. ഈ സമയം ഒരു ക്ളാസില്‍ മാത്രമാണ് അധ്യാപിക ഉണ്ടായിരുന്നത്. ടിന്‍ ഷീറ്റിട്ട് നിര്‍മിച്ച മേല്‍ക്കൂരക്കടിയില്‍ പി.വി.സി കോറിഗേറ്റഡ് ഷീറ്റ് പാകിയാണ് സീലിങ് ചെയ്തിരുന്നത്. ഇക്കാരണത്താല്‍ കാറ്റടിച്ച് മേല്‍ക്കൂര ഉലയുന്നത് കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ കാണാന്‍ കഴിയുമായിരുന്നില്ല. കാറ്റില്‍ വന്‍ശബ്ദത്തോടെ മേല്‍ക്കൂര ഇളകിയപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം കുട്ടികള്‍ക്ക് മനസ്സിലായില്ല. തുടര്‍ന്ന് കട്ടികുറഞ്ഞ പി.വി.സി ഉപയോഗിച്ച് നിര്‍മിച്ച സീലിങ് ഇളകി വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് വീണു. ഭയവിഹ്വലരായ കുട്ടികള്‍ ക്ളാസ് മുറികളില്‍നിന്നും പടിക്കെട്ടുകളിലൂടെ താഴേക്ക് ഓടിയിറങ്ങി. ഈ തിരക്കിനിടയിലാണ് ടൈല്‍ പാകി മിനുസമായ തറയില്‍ തെന്നിവീണ് പലര്‍ക്കും സാരമായി പരിക്കേറ്റത്. ഇളകിയ ടിന്‍ഷീറ്റ് ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കൂര ക്ളാസ്മുറിക്കുള്ളിലേക്കാണ് വീണിരുന്നതെങ്കില്‍ വനിത ഐ.ടി.ഐ മറ്റൊരു ദുരന്തഭൂമിയായി മാറിയേനെ. പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ രണ്ടര വര്‍ഷം മുമ്പ് ഈ മേല്‍ക്കൂര നിര്‍മിച്ചപ്പോള്‍തന്നെ ഇതിന് വേണ്ടത്ര ബലമില്ളെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇതിനെ സാധൂകരിക്കുന്ന വിധത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം കാറ്റിലും മഴയിലും രാത്രിയില്‍ ഇളകിവീഴുകയും ചെയ്തു. പിന്നീട് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ എത്തി ഇത് പുന$സ്ഥാപിക്കുകയാണുണ്ടായത്. 7 കോഴ്സുകളിലായി 240 വിദ്യാര്‍ഥിനികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോള്‍ തകര്‍ന്ന ക്ളാസ് മുറികളുടെ അവശേഷിക്കുന്ന ഭാഗത്തും ഇതേ നിലവാരത്തിലുള്ള മേല്‍ക്കൂരയാണ് ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.