കായംകുളം കായലിലും താപനിലയത്തിലും മണലൂറ്റല്‍ തുടരുന്നു

ഹരിപ്പാട്: കായംകുളം കായലിലും താപനിലയത്തിലും നടക്കുന്ന വന്‍തോതിലുള്ള അനധികൃത മണലൂറ്റിനും വില്‍പനക്കുമെതിരെ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു. സ്വകാര്യ വ്യക്തികളും സംഘങ്ങളും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍നിന്ന് കോടിക്കണക്കിന് രൂപയുടെ മണലാണ് കടത്തിക്കൊണ്ടിരിക്കുന്നത്. കായംകുളം താപനിലയത്തിന്‍െറ ഉടമസ്ഥതയിലുള്ള 300 ഏക്കറോളം വരുന്ന പഴയ കായല്‍ ഫാമിന്‍െറ തെക്കേ ബ്ളോക്കാണ് 10 വര്‍ഷംകൊണ്ട് മണല്‍മാഫിയ ഊറ്റിയെടുത്തത്. ആദ്യം മണല്‍ മുഴുവന്‍ കടത്തിയ ശേഷം 20 കി.മീറ്റര്‍ ദൈര്‍ഘ്യമുള്ള കരിങ്കല്‍ ചിറയും കടത്തിക്കൊണ്ടുപോയി വിറ്റു. താപനിലയത്തിന്‍െറ കിഴക്കും പടിഞ്ഞാറുമുള്ള കായല്‍ തീരങ്ങളില്‍ ഈ കല്ലുപയോഗിച്ചാണ് സ്വകാര്യ വ്യക്തികള്‍ ചിറകെട്ടിയിരിക്കുന്നത്. സി.ഐ.എസ്.എഫിന്‍െറ ശക്തമായ സെക്യൂരിറ്റി സംവിധാനവും സ്പീഡ് ബോട്ടടക്കമുള്ള വാഹനവ്യൂഹവും ഉണ്ടായിട്ടും സര്‍ക്കാര്‍ തുച്ഛവിലക്ക് നല്‍കിയ കായല്‍നിലം സംരക്ഷിക്കുന്നതില്‍ താപനിലയം അധികൃതര്‍ ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. മണലും കരിങ്കല്ലും കൊള്ളയടിച്ച ശേഷം അവശേഷിച്ച മരങ്ങള്‍വരെ കട്ടിങ് മെഷീനുമായി വന്ന് മുറിച്ചുകൊണ്ടുപോകുന്ന അവസ്ഥയത്തെിയിട്ടും നടപടി ഉണ്ടാകുന്നില്ല. അനിയന്ത്രിതമായ മണലെടുപ്പുമൂലം കായംകുളം കായല്‍ ഫാമിലുണ്ടായിരുന്ന കണ്ടല്‍ക്കാടുകള്‍ നാമാവശേഷമായതോടെ കായലിനെ ആശ്രയിച്ച് ഉപജീവനം നടത്തിവന്ന മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. മിക്കയിനം കായല്‍ മത്സ്യങ്ങളും നാമാവശേഷമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദശകമായി തുടരുന്ന അനധികൃത ഖനനത്തിലൂടെ സ്വകാര്യവ്യക്തികള്‍ കോടിക്കണക്കിന് രൂപയുടെ പൊതുമുതലാണ് തട്ടിയെടുക്കുന്നത്. കടല്‍ത്തീരത്തുനിന്നും വലിയതോതിലാണ് മണല്‍ കടത്തുന്നത്. പുതിയ പുലിമുട്ടുകളോട് ചേര്‍ന്ന് അടിയുന്ന മണല്‍ വാരിയെടുക്കുന്നത് തീരസുരക്ഷക്ക് ഭീഷണിയാവുകയാണ്. ആറാട്ടുപുഴ പഞ്ചായത്ത് പരിധിയില്‍ കായലിലും കടലോരത്തും നിര്‍ബാധം തുടരുന്ന നിയമവിരുദ്ധ മണല്‍കടത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകനായ തുണ്ടില്‍ ഭാസ്കരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.