ജനപ്രതിനിധികള്‍ മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ചു

പറവൂര്‍: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളും ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരും ശുചിത്വ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പറവൂര്‍ വെടിമറയിലെ നഗരസഭ മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ചു. ശുചിത്വ മിഷന്‍െറ കക്കൂസ് ഇല്ലാത്തവര്‍ക്ക് കക്കൂസ് നിര്‍മിച്ച് നല്‍കുന്നതിന്‍െറയും മാലിന്യസംസ്കരണ പദ്ധതിയുടെയും ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. സംഘം വൈപ്പിന്‍, പറവൂര്‍ മേഖലയില്‍ ബോധവത്കരണ ക്ളാസ്, മാലിന്യസംസ്കരണ കേന്ദ്ര സന്ദര്‍ശനം, ഗുണഭോക്തൃ ഭവന സന്ദര്‍ശനം എന്നിവ നടത്തി. പറവൂരിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. പറവൂരിലേതുപോലെ ബ്ളോക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും മാലിന്യസംസ്കരണ കേന്ദ്രം ആരംഭിക്കാന്‍ ജില്ലാ പഞ്ചായത്തിന് പദ്ധതിയുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനല്‍, വൈസ് പ്രസിഡന്‍റ് അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ശുചിത്വ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം.എസ്. ടോമി തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. പറവൂര്‍ നഗരസഭ ചെയര്‍മാനും കൗണ്‍സിലര്‍മാരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.