അരൂക്കുറ്റിയില്‍ റിസോര്‍ട്ട് മാഫിയക്ക് പതിച്ചുനല്‍കിയത് ഭൂരഹിതരുടെ ഭൂമി

വടുതല: വേമ്പനാട്ടുകായല്‍ തീരത്ത് അനധികൃതമായി റിസോര്‍ട്ട് നിര്‍മിക്കാന്‍ പതിച്ചുനല്‍കിയത് ഭൂരഹിതരുടെ ഭൂമി. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാന്‍ കണ്ടത്തിയ ഭൂമിയാണ് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പതിച്ചുനല്‍കിയത്. ഒന്നരയേക്കറോളം ഭൂമിയാണ് അരൂക്കുറ്റി പഞ്ചായത്ത് അഞ്ചുകണ്ടം ജങ്ഷന് സമീപം നല്‍കിയത്. ഇതിന് പകരം സ്ഥലം നല്‍കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ഇതുകൂടാതെ ആലപ്പുഴ കലവൂര്‍ വില്ളേജില്‍പെട്ട 82.5 സെന്‍റ് സ്ഥലവും സര്‍ക്കാര്‍ പതിച്ചുനല്‍കിയിരുന്നു. ഇതും ഭൂരഹിതര്‍ക്ക് മാറ്റിവെച്ച ഭൂമിയായിരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്ര ഹൗസിങ് പ്രൈവറ്റ് ലിമിറ്റിഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ജോര്‍ജ് ഇ. ജോര്‍ജിനാണ് കലവൂരിലെ 82.5 സെന്‍റ് സ്ഥലം നല്‍കിയത്. ജോര്‍ജ് ഇ. ജോര്‍ജ് 2013 ആഗസ്റ്റ് ഏഴിനാണ് ഭൂമി പതിച്ചുകിട്ടാന്‍ അപക്ഷേ നല്‍കിയത്. ടൂറിസം വികസനത്തിനെ ന്നുപറഞ്ഞാണ് പ്രന്‍സിപ്പല്‍ സെക്രട്ടറി വസ്തു കൈമാറ്റംചെയ്ത് ഉത്തരവിറക്കിയത്. തീരദേശ പരിപാലന നിയമം ബാധകമായ വേമ്പനാട്ടുകായല്‍ തീരത്ത് നിയമം ലംഘിച്ചാണ് അരൂക്കുറ്റിയില്‍ ത്രൈന്‍ ഗ്രീന്‍ ലഗൂണ്‍ റിസോര്‍ട്ട് നിര്‍മിക്കുന്നത്. ബോട്ടിങ്ങടക്കമുള്ള വിനോദങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് പതിച്ചുനല്‍കിയത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ കൈയേറ്റഭൂമി സര്‍ക്കര്‍ വക സ്ഥലമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കൈയേറി മൂന്നുവട്ടം മറിച്ചുവിറ്റിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ല. വസ്തു കായല്‍ പുറമ്പോക്കില്‍ ഉള്‍പ്പെടുന്നതാണെന്നും അക്കാരണത്താല്‍ തീരദേമേഖലയിലാണെന്നും ലാന്‍ഡ് റവന്യൂ കമീഷണര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കയിരുന്നു. ഇവ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും അവിടങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശചെയ്തിരുന്നു. ഇത് മറികടന്നാണ് ഭൂമി കൈമാറ്റംചെയ്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.