പുരസ്കാരനേട്ടം ആലപ്പുഴയുടെ വളര്‍ച്ചക്ക് വഴിയൊരുക്കും

ആലപ്പുഴ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്കാരനേട്ടത്തിലൂടെ ആലപ്പുഴക്ക് ലഭിക്കുന്നത് വിനോദസഞ്ചാര മേഖലയിലടക്കം വളര്‍ച്ചക്ക് വലിയ അവസരം. ഡല്‍ഹി ഉള്‍പ്പെടെ മഹാനഗരങ്ങളെ പിന്നിലാക്കിയാണ് ദൈവത്തിന്‍െറ സ്വന്തം നാട്ടിലെ ഈ ചെറുനഗരം ശുചിത്വത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഡല്‍ഹിയിലും ബംഗളൂരുവിലും ചണ്ഡിഗഡിലും നിരത്തുകള്‍ അടിച്ചുവാരുന്നുണ്ടെങ്കിലും മാലിന്യസംസ്കരണം ഫലപ്രദമല്ലാത്തതിനാല്‍ അവ പലയിടത്തും കെട്ടിക്കിടക്കുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങള്‍ കണ്ടത്തൊന്‍ സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്‍റ് (സി.എസ്.ഇ) നടത്തിയ സര്‍വേയിലാണ് ആലപ്പുഴ ഒന്നാമതത്തെിയത്. കഴിഞ്ഞ ജനുവരിയില്‍, സ്വച്ഛ് ഭാരത് മിഷന്‍െറ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം ജനസംഖ്യ മാനദണ്ഡമാക്കി നടത്തിയ ശുചിത്വസര്‍വേയില്‍ ആലപ്പുഴ ഇടംപിടിച്ചിരുന്നില്ല. ഇതില്‍നിന്ന് വ്യത്യസ്തമായാണ് സി.എസ്.ഇയുടെ സര്‍വേ. കക്കൂസ് നിര്‍മാണം, മാലിന്യനിര്‍മാര്‍ജനം, സ്വതന്ത്ര നിരീക്ഷണം തുടങ്ങിയ ഘടകങ്ങളാണ് സര്‍വേയില്‍ മാനദണ്ഡമായത്. ഡോ. തോമസ് ഐസക്കിന്‍െറ നേതൃത്വത്തില്‍ നടത്തിയ ഉറവിടമാലിന്യ സംസ്കരണപദ്ധതിയും എയ്റോബിക് പ്ളാന്‍റുകളുമാണ് നഗരത്തെ മാലിന്യമുക്തമാക്കിയത്. നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച എയ്റോബിക് പ്ളാന്‍റുകള്‍ മാലിന്യസംസ്കരണത്തിന്‍െറ അനന്തസാധ്യത തുറന്നിടുകയായിരുന്നു. ദിനംപ്രതി ടണ്‍കണക്കിന് മാലിന്യം സര്‍വോദയപുരത്തെ ഡമ്പിങ് യാര്‍ഡിലത്തെിച്ചിരുന്നത് എന്നേക്കുമായി ഇല്ലാതായതോടെ ഇത് അടച്ചുപൂട്ടിയത് പ്രദേശവാസികള്‍ക്കും അനുഗ്രഹമായി. പ്രധാന മാലിന്യകേന്ദ്രമായിരുന്ന വഴിച്ചേരിയില്‍ സ്ഥാപിച്ച വാട്സണ്‍ പാര്‍ക്ക് ഇന്ന് വിദേശികളടക്കമുള്ള പരിസ്ഥിതി സ്നേഹികളുടെ സന്ദര്‍ശന കേന്ദ്രമായി മാറിയി. ഇവിടെയാണ് നഗരസഭയുടെ സ്വകാര്യ ബസ് സ്റ്റാന്‍ഡും പ്രവര്‍ത്തിക്കുന്നത്. പുരസ്കാരലബ്ധിയോടെ കനാലുകളാലും പാലങ്ങളാലും നിറഞ്ഞ കിഴക്കിന്‍െറ വെനീസ് എന്ന് പേരുകേട്ട ആലപ്പുഴ ലോകശ്രദ്ധയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. മാതൃകാ റോഡുവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നഗരത്തിലെ മുഴുവന്‍ റോഡുകളും ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സമഗ്ര പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്. റോഡുകള്‍ കൂടാതെ നഗരത്തിലെ കനാലുകളും പാലങ്ങളും നവീകരിച്ച് സൗന്ദര്യവത്കരിക്കാനുള്ള പദ്ധതികളും ഒരുങ്ങുകയാണ്. മെഗാടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കനാല്‍ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുകയുമാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പൈതൃക സംരക്ഷണപദ്ധതി വേറെയും. ഇവയൊക്കെ പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴ വിനോദസഞ്ചാരികളുടെ പറുദീസയാകുമെന്നുതന്നെയാണ് പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.