കോട്ടത്തോട് നവീകരിക്കാന്‍ മാസ്റ്റര്‍പ്ളാന്‍

മാവേലിക്കര: രണ്ടുപതിറ്റാണ്ടിലേറെയായ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കോട്ടത്തോട് നവീകരിക്കുന്നതിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കുന്നു. ആര്‍. രാജേഷ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. നഗരസഭ, മൈനര്‍ ഇറിഗേഷന്‍, മേജര്‍ ഇറിഗേഷന്‍, മരാമത്ത് വകുപ്പ് എന്നിവ സംയുക്തമായി പ്ളാന്‍ തയാറാക്കണം. കോട്ടത്തോട്ടില്‍ മാലിന്യം തള്ളല്‍ പരിശോധിക്കാന്‍ മൈനര്‍ ഇറിഗേഷനെയും നഗരസഭയെയും റോഡ് മുറിച്ച് മാലിന്യം കുഴലുകള്‍ വഴി കോട്ടത്തോട്ടിലേക്ക് ഒഴുക്കുന്നുണ്ടോയെന്ന പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മരാമത്ത് വകുപ്പിനും പ്രത്യേക നിര്‍ദേശം നല്‍കി. ഈമാസം 31ന് മുമ്പ് ചേരുന്ന യോഗത്തില്‍ മാസ്റ്റര്‍ പ്ളാനിനെപറ്റിയുള്ള വിശദീകരണവും കോട്ടത്തോട്ടില്‍ നീരൊഴുക്ക് സുഗമമാക്കി മാലിന്യം തള്ളല്‍ ഇല്ലാതാക്കാനുള്ള ചെറിയ പദ്ധതിയെക്കുറിച്ചും വിവരം നല്‍കാന്‍ നാല് വകുപ്പുകളെയും ചുമതലപ്പെടുത്തി.10 കോടി രൂപയോളം ചെലവുവരുമെന്ന് പ്രതീക്ഷിക്കുന്ന കോട്ടത്തോടിന് മുകളില്‍ സ്ളാബിട്ട് റോഡ് സൗകര്യമുണ്ടാക്കുന്ന പദ്ധതി കാലക്രമേണ നടപ്പില്‍വരുത്തുമെന്നും അത്യാവശ്യമായി മാലിന്യനിര്‍മാര്‍ജനം നടത്തുന്നതിനാണ് അടിയന്തര പദ്ധതിയെന്നും എം.എല്‍.എ പറഞ്ഞു. തോട്ടിലെ ദുര്‍ഗന്ധം മാവേലിക്കര നഗരത്തിന് ശാപമായി നിലനില്‍ക്കുകയാണ്. മാറിവരുന്ന സര്‍ക്കാറുകള്‍ക്കോ നഗരസഭാ ഭരണസമിതിക്കോ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തോട് ശുചീകരിക്കാനും മാലിന്യം സംസ്കരിക്കാനും നടപടി വേണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരങ്ങള്‍ക്ക് കണക്കില്ല. ’91ല്‍ ജനകീയസമിതി സംസ്ഥാന സെക്രട്ടറി അനി വര്‍ഗീസിന്‍െറ നേതൃത്വത്തിലാണ് ആദ്യസമരം നടന്നത്. എല്‍.ഡി.എഫിന്‍െറ നേതൃത്വത്തില്‍ ’92 മുതല്‍ സമരങ്ങളുടെ നിരതന്നെ ഉണ്ടായി. ’95ല്‍ വിഷയം നഗരസഭാ ബജറ്റില്‍ സ്ഥാനംപിടിച്ചു. ഇന്നും മുറതെറ്റാതെ ബജറ്റില്‍ വിഷയമുണ്ട്. പക്ഷേ ഫലമില്ല. മഴക്കാലമാകുമ്പോള്‍ കോട്ടത്തോട് മാലിന്യവും ചര്‍ച്ചയില്‍ ഉയരുമെന്ന് മാത്രം. നഗരത്തിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ 30ഓളം സ്ഥാപനങ്ങളില്‍നിന്നുള്ള അവശിഷ്ടങ്ങളും കക്കൂസ് മാലിന്യവുംവരെ ഇവിടേക്കാണ് എത്തുന്നത്. ഇതിനെതിരെ നോട്ടീസുകള്‍ മുറക്ക് നഗരസഭ നല്‍കുന്നുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. നഗരസഭയുടെ നോട്ടീസിന് കടലാസിന്‍െറ വിലപോലും ഇല്ലാതായി. മഴക്കാലമാകുമ്പോള്‍ അത് കലങ്ങി ദുര്‍ഗന്ധമായി സമീപമാകെ വ്യാപിക്കുന്നു. കോട്ടത്തോട്ടിലേക്കുള്ള മാലിന്യക്കുഴലുകള്‍ നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല. നഗരപ്രദേശത്തും ചുറ്റുമുള്ള പഞ്ചായത്തുകളിലും ശുദ്ധജലം എത്തിക്കുന്നത് കോട്ടത്തോടിന്‍െറ പതന സ്ഥലത്തുനിന്നും പമ്പ് ചെയ്തെടുത്താണ്. ഇതുവഴി കുടിവെള്ളത്തില്‍ മാലിന്യം കലരുന്നു. മലിനജലം കുടിക്കേണ്ടി വരുന്ന നഗരവാസികളുടെ ഗതികേട് ആരും ശ്രദ്ധിക്കുന്നതേയില്ല. കാലപ്പഴക്കം ചെന്ന ട്രീറ്റ്മെന്‍റ് പ്ളാന്‍റ് ശുദ്ധീകരണ സാമഗ്രികള്‍ പ്രവര്‍ത്തനരഹിതമായിട്ടും പുതിയത് സ്ഥാപിച്ചിട്ടില്ല. റെയില്‍വേ സ്റ്റേഷന്‍-പാല്‍ സൊസൈറ്റി ബൈപാസ് എന്ന ആശയം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ കോട്ടത്തോടിന്‍െറ കിഴക്കന്‍ പ്രദേശത്തിന് മാലിന്യപ്രശ്നത്തിനും വെള്ളപ്പൊക്ക ഭീഷണിയില്‍നിന്നും മോചിതമാകാന്‍ കഴിയും. വലിയകുളം മുതല്‍ ആറാട്ടുകടവ് വരെ തോടിന് ആഴംകൂട്ടി കോണ്‍ക്രീറ്റ് വാള്‍ സ്ഥാപിച്ച് മുകളില്‍ സ്ളാബിട്ട് സംരക്ഷിച്ചാല്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതില്‍നിന്നും ഗതാഗതക്കുരുക്കില്‍നിന്നും രക്ഷപ്പെടാനും നഗരവാസികള്‍ക്ക് കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.