മയങ്ങി വീഴുന്ന കുരുന്നുകള്‍

ആലപ്പുഴ: അനധികൃത മദ്യത്തിന്‍െറ ഉല്‍പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി കഴിഞ്ഞ യോഗത്തിലെ തീരുമാനപ്രകാരം സ്കൂളുകള്‍ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയില്‍ ഡിസംബര്‍ മാസത്തില്‍ 19 കേസുകള്‍ കണ്ടത്തെി. ഇതില്‍ 16 പേരെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. കലക്ടര്‍ എന്‍. പത്മകുമാറിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ മാസത്തെ അവലോകന യോഗത്തിലാണ് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എ. അബ്ദുല്‍ കലാം ഇക്കാര്യം അറിയിച്ചത്.സ്ഥിരമായി മയക്കുമരുന്ന്-എക്സൈസ് കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ വിവരം ഉള്‍പ്പെടുത്തി പരിശോധിച്ചശേഷം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള ശക്തമായ നിയമമായ കാപ്പ ചുമത്തുന്നത് പരിഗണിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ചത്തെി ഭാഗത്ത് കൂടുതല്‍ മയക്കുമരുന്ന് വിപണനം നടക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും അവിടെ കൂടുതല്‍ റെയ്ഡുകള്‍ സംഘടിപ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, വ്യാജമദ്യം എന്നിവയുടെ ഉപയോഗം കൂടിവരുന്നതായുള്ള കലക്ടറുടെ പരാമര്‍ശത്തിന്‍െറ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധന നടത്തിയത്. ആലപ്പുഴ സ്റ്റേഡിയത്തിന്‍െറ സമീപത്തുനിന്ന് 200 ഗ്രാം കഞ്ചാവുമായി 17 വയസ്സുള്ള കുട്ടിയെ പിടികൂടുകയും ചേര്‍ത്തല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് 16 വയസ്സുള്ള കുട്ടിയെ 25 ഗ്രാം കഞ്ചാവുമായി പിടികൂടുകയും ചെയ്തു. എസ്.ഡി കോളജിന് സമീപം കഞ്ചാവ് കച്ചവടം ചെയ്തുവന്ന ആളെ 500 ഗ്രാം കഞ്ചാവുമായി പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാകോടതിക്ക് വടക്കുവശം വ്യാജമദ്യവും സിഗരറ്റ് കച്ചവടവും വ്യാപകമാകുന്നതായ പരാതിയില്‍ കോടതി പരിസരത്ത് പരിശോധനകള്‍ നടത്തുകയും രണ്ട് കേസുകള്‍ ആലപ്പുഴ റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.കഴിഞ്ഞമാസം മയക്കുമരുന്നുമായി ബന്ധപ്പെട്ട 14 എന്‍.ഡി.പി.എസ് കേസുകള്‍ കണ്ടെടുക്കുകയും ഇവരില്‍നിന്നും 7.79 കിലോഗ്രാം കഞ്ചാവും അഞ്ച് ആംപ്യൂളുകളും പിടിച്ചെടുക്കുകയും ചെയ്തു. 20ഓളം പേരെ അറസ്റ്റ്ചെയ്തു. രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. സ്കൂളുകളിലെ കുട്ടികള്‍ക്ക് രഹസ്യമായി പരാതികള്‍ അറിയിക്കാന്‍ 100 പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. രണ്ടാഴ്ചയിലൊരിക്കല്‍ തുറന്ന് പരിശോധിക്കുന്നു. അഞ്ച് പരാതികള്‍ ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സമീപത്തെ പെട്ടിക്കടകള്‍ പരിശോധിച്ച് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.