ചെങ്ങന്നൂര്‍ സമ്പൂര്‍ണ സാമൂഹികസുരക്ഷ നിയോജക മണ്ഡലമാകുന്നു

ചെങ്ങന്നൂര്‍: സാമൂഹികനീതി വകുപ്പിന്‍െറ സമ്പൂര്‍ണ സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ നിയോജക മണ്ഡലമായി ചെങ്ങന്നൂര്‍ മാറുന്നു. ഇതിന്‍െറ ഒൗദ്യോഗികപ്രഖ്യാപനം ഫെബ്രുവരി ആറിന് നടക്കുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാതാപിതാക്കളില്‍ ഇരുവരും അല്ളെങ്കില്‍ ഒരാള്‍ മരണമടയുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയില്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയും സ്വഭവനങ്ങളിലോ ബന്ധുവീടുകളിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍െറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്. നഗരപ്രദേശങ്ങളില്‍ 2,23,375 രൂപയും ഗ്രാമങ്ങളില്‍ രണ്ടുലക്ഷവും വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളില്‍ ഒന്നാംക്ളാസ് മുതല്‍ ഡിഗ്രി പ്രഫഷനല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ ധനസഹായം ഇതിലൂടെ ലഭിക്കും. അഞ്ചാംതരം വരെ 300 രൂപ, 10ാംതരം വരെ 500, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 750, ഡിഗ്രി-പ്രഫഷനല്‍ കോഴ്സുകള്‍ക്ക് 1000 രൂപ വീതവുമാണ് അനുവദിക്കുക. കൂടാതെ, സ്നേഹപൂര്‍വം പദ്ധതിയില്‍ പുതുതായി എസ്.എസ്.എല്‍.സി-പ്ളസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്നേഹപൂര്‍വം എക്സലന്‍സി സ്കോളര്‍ഷിപ് നല്‍കും. രണ്ടിനും ഈമാസം 15 വരെ ഓണ്‍ലൈന്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യാം. കുറഞ്ഞത് രണ്ട് സ്കൂളെങ്കിലും രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമെ പാസ്വേഡ് കിട്ടൂവെന്നും രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പദ്ധതിയില്‍ അറിവില്ലായ്മമൂലം ഇതുവരെ ഈ അവസരം ആരും പ്രയോജനപ്പെടുത്തിയിട്ടില്ളെന്നും എം.എല്‍.എ പറഞ്ഞു. 15 വരെ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കുന്നവര്‍ക്ക് ഒന്നാംഘട്ട സഹായം ഫെബ്രുവരി ആറിന് വിതരണം ചെയ്യും. ഭിന്നശേഷിയുള്ളവരുടെ വൈകല്യ നിര്‍ണയത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡിന്‍െറ സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് ഈമാസം 30ന് എന്‍ജിനീയറിങ് കോളജില്‍ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.