പെരുമ്പളം ദ്വീപ് നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു; ജങ്കാര്‍ നീറ്റിലിറക്കി

അരൂര്‍: പെരുമ്പളം നിവാസികളുടെ സ്വപ്നം യാഥാര്‍ഥ്യമാകുന്നു. പഞ്ചായത്തിന്‍െറ സ്വന്തം ജങ്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കി നീറ്റിലിറക്കി. അഡ്വ. എ.എം. ആരിഫ് എം.എല്‍.എയുടെ മണ്ഡല ആസ്തിവികസന ഫണ്ടില്‍നിന്ന് 1.75 കോടി ചെലവഴിച്ചാണ് ജങ്കാര്‍ നിര്‍മിച്ചത്. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍െറ തോപ്പുംപടിയിലെ യാര്‍ഡില്‍ നടന്ന നീറ്റിലിറക്കല്‍ ചടങ്ങില്‍ എ.എം. ആരിഫ് എം.എല്‍.എ, തൈക്കാട്ടുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ്, പെരുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിബു എന്നിവര്‍ പങ്കെടുത്തു. ധനകാര്യ വകുപ്പ് ആദ്യമായാണ് ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ചലിക്കുന്ന വസ്തുവിന് ഭരണാനുമതി നല്‍കുന്നത്. ദ്വീപ് നിവാസികളുടെ യാത്രാദുരിതങ്ങള്‍ മന്ത്രിതലത്തില്‍ ബോധ്യപ്പെടുത്തിയാണ് അനുമതി നേടിയത്. മുഴുവന്‍ തുകയും മുന്‍കൂര്‍ വാങ്ങിയാണ് പദ്ധതി നടപ്പാക്കിയതെന്ന സവിശേഷതയും പദ്ധതിക്ക് സ്വന്തമാണ്. മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ തീയതി ലഭിച്ചാല്‍ ജങ്കാര്‍ പഞ്ചായത്തിന് നല്‍കുന്ന ചടങ്ങ് നടക്കുമെന്നും എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.