രവീന്ദ്രന്‍പിള്ളയുടെ വിയോഗം നാടിന്‍െറ നൊമ്പരമായി

കായംകുളം: വീല്‍ചെയറിലിരുന്നുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രവീന്ദ്രന്‍പിള്ളയുടെ വിയോഗം നാടിന്‍െറ നൊമ്പരമായി. കൃഷ്ണപുരം കാപ്പില്‍മേക്ക് ദീപാഞ്ജലിയില്‍ രവീന്ദ്രന്‍പിള്ളയുടെ (55) വിയോഗം ജീവകാരുണ്യ മേഖലക്ക് തീരാനഷ്ടമാണ്. പോളിയോ ബാധിച്ച് കാലുകള്‍ക്ക് വൈകല്യം സംഭവിച്ചെങ്കിലും ഇച്ഛാശക്തിയോടെ ജീവിതത്തെ നേരിട്ട് വിജയം വരിക്കുകയായിരുന്നു. കനറാ ബാങ്കിന്‍െറ ഓച്ചിറ ശാഖയുടെ അസി. മാനേജരായിരുന്നു. കൊല്ലം മുണ്ടക്കല്‍ സ്വദേശിയായ രവീന്ദ്രന്‍പിള്ള വിവാഹത്തോടെയാണ് കൃഷ്ണപുരത്തുകാരനായി മാറിയത്. ഒന്നരപതിറ്റാണ്ട് മുമ്പ് കാപ്പില്‍മേക്ക് താമസമാക്കിയ ഇദ്ദേഹം സാമൂഹിക സേവന രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും വേഗംതന്നെ നിറസാന്നിധ്യമായി മാറി. ആറുവര്‍ഷം മുമ്പ് രൂപവത്കരിച്ച സാന്ത്വനം കള്‍ചറല്‍ ആന്‍ഡ് ചാരിറ്റബ്ള്‍ ട്രസ്റ്റിലൂടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കുകയായിരുന്നു. ട്രസ്റ്റിന്‍െറ പ്രസിഡന്‍റ് എന്ന നിലയില്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കൃഷ്ണപുരത്ത് സ്ഥാപിച്ച സാന്ത്വനം പാലിയേറ്റീവ് കെയര്‍ സെന്‍റര്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന സ്ഥാപനമായി ഉയര്‍ന്നുകഴിഞ്ഞു. ആംബുലന്‍സ് സര്‍വിസ്, മെഡിക്കല്‍ ക്യാമ്പുകള്‍, പരിസ്ഥിതി-വിദ്യാഭ്യാസ പ്രവര്‍ത്തനം, അഗതി സംരക്ഷണം, നിര്‍ധന രോഗികളുടെ ചികിത്സ, ഭക്ഷണം തുടങ്ങി ദരിദ്ര സമൂഹങ്ങള്‍ക്ക് രവീന്ദ്രന്‍പിള്ള ഏറെ ആശ്രയമായിരുന്നു. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയത്തെിയിട്ടുണ്ട്. യുവജനക്ഷേമ ബോര്‍ഡിന്‍െറ പുരസ്കാരം, പൊന്‍തൂവല്‍, തിളക്കം, ഗാന്ധിഭവന്‍ ആദരം, ബ്ളഡ് ഡൊണേഷന്‍ സെല്‍ അവാര്‍ഡ് എന്നിവയാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരം നിര്യാതനായ രവീന്ദ്രന്‍പിള്ളയുടെ മൃതദേഹം അദ്ദേഹം സ്ഥാപിച്ച സാന്ത്വനം പാലിയേറ്റീവ് കെയറിലാണ് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.