ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണം അടുത്തമാസം ആരംഭിക്കും

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ ആദ്യ പൊതു-സ്വകാര്യ സംരംഭമായ ഹരിപ്പാട് മെഡിക്കല്‍ കോളജിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി അവസാനവാരം ആരംഭിക്കും. നിര്‍മാണത്തിന്‍െറ മാസ്റ്റര്‍ പ്ളാനിന് അംഗീകാരമായി. മണ്ണ് പരിശോധന തിങ്കളാഴ്ച തുടങ്ങും. 14ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 25ന് പണികള്‍ ആരംഭിക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. മാസ്റ്റര്‍പ്ളാന്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന്‍െറ ആര്‍ക്കിടെക്ട് കണ്‍സള്‍ട്ടന്‍റായ ആര്‍ക്കി മെട്രിക്സ് ഇന്ത്യ ഡിസൈന്‍സ് കമ്പിനിയുടെ പ്രതിനിധികള്‍ മന്ത്രി രമേശ് ചെന്നിത്തലക്ക് മുമ്പാകെ അവതരിപ്പിച്ചു.പരിസ്ഥിതി സൗഹൃദമായ ഗ്രീന്‍ കാമ്പസാണ് മെഡിക്കല്‍ കോളജിനായി വിഭാവനം ചെയ്യുന്നത്. സ്വാഭാവിക ജലസ്രോതസ്സുകളെ അതേപടി നിലനിര്‍ത്തിക്കൊണ്ടാകും നിര്‍മാണം. ഒന്നാംഘട്ടത്തില്‍ 10.65 ലക്ഷം ചതുരശ്രഅടിയില്‍ നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തില്‍ 100 വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള കോളജ്, അഡ്മിനിസ്ട്രേഷന്‍ ബ്ളോക്, ലൈബ്രറി, ലെക്ചര്‍ ഹാളുകള്‍, എട്ട് ഡിപ്പാര്‍ട്മെന്‍റുകള്‍ എന്നിവക്കൊപ്പം 500 കിടക്കകളുള്ള വിപുലമായ ആശുപത്രിയും ഒരുക്കും. പത്ത് ഡിപ്പാര്‍ട്ടുമെന്‍റുകളുടെ ഐ.പി വാര്‍ഡുകള്‍, നാല് ഐ.സി.യുകള്‍, 14 വിഭാഗങ്ങളുടെ പരിശോധനാ സൗകര്യം എന്നിവയും ഉണ്ടാകും. പ്രധാന കെട്ടിടത്തിന്‍െറ മുകളില്‍ ഹെലിപ്പാഡ് സൗകര്യം ഒരുക്കുമെന്നതും സവിശേഷതയാണ്. 80 കോടി രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 345 കോടിയുടെ ചെലവാണ് കണക്കാക്കിയിട്ടുള്ളത്.മെഡിക്കല്‍ കോളജിന് ആദ്യഘട്ടത്തില്‍ ആവശ്യമായ 25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു.ഹരിപ്പാട് മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ഉന്നതതലയോഗം തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ ഏഴിന് ചേരും. നിര്‍മാണത്തിന്‍െറ വിശദാംശങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തരമന്ത്രിയുടെ ഹരിപ്പാട് ഓഫിസില്‍ നടന്ന മാസ്റ്റര്‍പ്ളാന്‍ അവതരണത്തില്‍ കലക്ടര്‍ എന്‍. പത്മകുമാര്‍, എസ്.പി വി. സുരേഷ്കുമാര്‍, മെഡിക്കല്‍ കോളജ് സ്പെഷല്‍ ഓഫിസര്‍ ഡോ. പി.ജി.ആര്‍. പിള്ള, കയര്‍ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, കാര്‍ത്തികപള്ളി തഹസില്‍ദാര്‍ എന്‍.കെ. രമേഷ്കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി. പ്രദീപ്, ആര്‍ക്കിമെട്രിക്സ് കണ്‍സള്‍ട്ടന്‍റ് പ്രതിനിധികളായ സി. ശശിധര്‍, എസ്. സച്ചിന്‍, എസ്. സത്യപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഉപദേശകന്‍ ഡോ. ചന്ദ്രശേഖര്‍, എയിംസ് പ്രതിനിധി ഡോ. എ.ആര്‍. സിങ്, സീനിയര്‍ ആര്‍ക്കിടെക്ട് ഡോ. ടി.വി. പ്രഭാകര്‍ എന്നിവരടങ്ങിയ വിദഗ്ധ സമിതിയാണ് ആര്‍ക്കിമെട്രിക്സ് ഇന്ത്യ ഡിസൈന്‍സ് തയാറാക്കിയ മാസ്റ്റര്‍ പ്ളാനിന് അംഗീകാരം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.