വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സി.പി.എം

ആലപ്പുഴ: ഓണകൃഷിയുടെ വിജയപാഠം ഉള്‍ക്കൊണ്ട് വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സി.പി.എം. ഇതിനായി ജില്ലയില്‍ വിപുലമായ തോതില്‍ കൃഷിയിറക്കാനുള്ള പദ്ധതിക്ക് സി.പി.എം രൂപംനല്‍കി. മുഴുവന്‍ ജനവിഭാഗങ്ങളെയും പദ്ധതിയില്‍ പങ്കാളികളാക്കാനുള്ള പരിപാടികളാണ് തയാറാക്കിയിട്ടുള്ളത്. ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യത്തിന് പച്ചക്കറി ലഭ്യമാക്കാനുള്ള പദ്ധതിക്ക് ഈമാസം 22ന് തുടക്കം കുറിക്കും. ഒരു പച്ചക്കറിയെങ്കിലും ഓരോ കുടുംബവും കൃഷിചെയ്യുക എന്നതാണ് ലക്ഷ്യം. സ്ഥലമില്ലാത്തവര്‍ക്ക് സംഘടിതമായി കൃഷി ചെയ്യാനുള്ള സൗകര്യം കണ്ടത്തെും. ഇതിനായി എല്ലാ വാര്‍ഡുകളിലും ജൈവ പച്ചക്കറി സംഘങ്ങള്‍ രൂപവത്കരിച്ചാകും കൃഷി ആരംഭിക്കുക. 22ന് നടീല്‍ ഉത്സവമായി ആഘോഷിക്കും. എല്‍.ഡി.എഫ് ജനപ്രതിനിധികളുള്ള വാര്‍ഡുകളിലും എല്‍.ഡി.എഫ് ഭരിക്കുന്ന ഗ്രാമ-ബ്ളോക് പഞ്ചായത്തുകളും നഗരസഭകളുമാണ് കൂട്ടായ കൃഷിക്ക് പ്രത്യേകം സ്ഥലം കണ്ടത്തെി സംഘടിതകൃഷി നടപ്പാക്കുന്നത്. സഹകരണസംഘങ്ങളും കൃഷിക്ക് സൗകര്യമൊരുക്കും. മൂന്ന് ഏക്കര്‍ സ്ഥലത്തെങ്കിലും ഓരോ പ്രദേശത്തും കൃഷിയിറക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കായി എല്ലാ പഞ്ചായത്തുകളിലും മേഖലകളിലും ‘അഗ്രോ ക്ളിനിക്കുകള്‍’ സ്ഥാപിക്കും. വിത്ത്, ജൈവവളം, ജൈവ കീടനാശിനി, സാങ്കേതിക ഉപദേശം എന്നിവ ഈ ക്ളിനിക്കുകള്‍ വഴി ലഭ്യമാക്കും. ഏപ്രില്‍ 10ന് എല്ലാ ലോക്കല്‍ അടിസ്ഥാനത്തിലും വിപുലമായ വിഷു പച്ചക്കറി സ്റ്റാളുകള്‍ തുറന്ന് വിഷരഹിത പച്ചക്കറി ലഭ്യമാക്കും. പദ്ധതിയുടെ ഒരുക്കങ്ങള്‍ നടത്താന്‍ തിങ്കളാഴ്ച ജില്ലാതല ജൈവ പച്ചക്കറി കൃഷി ശില്‍പശാല നടത്തും. കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ശില്‍പശാല ജി. സുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടര്‍ ആര്‍. ഹേലി ആമുഖപ്രഭാഷണം നടത്തും. ടി.എസ്. വിശ്വന്‍, കോമളന്‍, ഡോ. കെ.ജി. പത്മകുമാര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 15നകം ലോക്കല്‍ തലങ്ങളിലും ശില്‍പശാലകള്‍ സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിന് ജി. സുധാകരന്‍ എം.എല്‍.എ (ചെയ.), സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ (വൈസ് ചെയ.), ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രതിഭാ ഹരി (കണ്‍.), അഡ്വ. ഡി. പ്രിയേഷ്കുമാര്‍ (ജില്ലാ കോഓഡിനേറ്റര്‍), ടി.എസ്. വിശ്വന്‍ (ജോ. കോഓഡിനേറ്റര്‍) എന്നിവര്‍ ഭാരവാഹികളായി സംഘാടകസമിതി രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.