കായംകുളത്ത് കോണ്‍ഗ്രസില്‍ സീറ്റ് മോഹിച്ച് 10 പേര്‍ രംഗത്ത്

കായംകുളം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം സീറ്റ് മോഹിച്ച് കോണ്‍ഗ്രസില്‍നിന്ന്10 പേര്‍ രംഗത്ത്. മണ്ഡലത്തില്‍നിന്ന് ആറ് നേതാക്കളും പുറത്തുനിന്ന് നാലുപേരുമാണ് കായംകുളത്തിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ്, സെക്രട്ടറി അഡ്വ. ത്രിവിക്രമന്‍ തമ്പി, നിര്‍വാഹക സമിതിയംഗം അഡ്വ. ഇ. സമീര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. യു. മുഹമ്മദ്, അഡ്വ. പി.എസ്. ബാബുരാജ്, വേലഞ്ചിറ സുകുമാരന്‍ എന്നിവരാണ് മണ്ഡലത്തില്‍നിന്ന് സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടംപിടിച്ചവര്‍. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു, സെക്രട്ടറിമാരായ അഡ്വ. കെ.പി. ശ്രീകുമാര്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, നിര്‍വാഹക സമിതിയംഗം എ.കെ. രാജന്‍ എന്നിവരാണ് മണ്ഡലത്തിന് പുറത്തുള്ളവര്‍. കെ.പി.സി.സി നിയോഗിച്ച ഉപസമിതി ശനിയാഴ്ച ഡി.സി.സി ഓഫിസില്‍ നടത്തിയ അവലോകനത്തില്‍ ബ്ളോക്-മണ്ഡലം ഭാരവാഹികളാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലരും നേരത്തേതന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇവരില്‍ പലര്‍ക്ക് വേണ്ടിയും സമുദായ നേതാക്കളും സജീവമാണ്. ഈഴവ, നായര്‍, മുസ്ലിം സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ എ ഗ്രൂപ് പ്രതിനിധികളാണ് മത്സരിച്ചിരുന്നത്. ഇത്തവണ രണ്ട് ഗ്രൂപ്പില്‍പെട്ടവരും അപേക്ഷകരായി രംഗത്തുണ്ട്. ഇതില്‍ മുതിര്‍ന്ന എ ഗ്രൂപ് നേതാവായ അഡ്വ. സി.ആര്‍. ജയപ്രകാശ് ഒരുതവണ കായംകുളത്ത് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ളവരാണ് പലരും. എന്നാല്‍, പുതുമുഖങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണനപോലും അവര്‍ക്ക് കിട്ടിയിട്ടുമില്ല. ഒരുതവണപോലും നിയമസഭാ സ്ഥാനാര്‍ഥി ലിസ്റ്റില്‍ പരിഗണിക്കപ്പെടാതെ അവഗണിക്കപ്പെട്ടുപോയ നേതാക്കള്‍ ഗത്യന്തരമില്ലാതെയാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. എ ഗ്രൂപ്പിന് വേണ്ടിയും അതിന്‍െറ നേതാക്കള്‍ക്ക് വേണ്ടിയും പണിയെടുത്ത പലരും ഇത്തവണയെങ്കിലും തങ്ങളെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ 10 വര്‍ഷമായി സി.പി.എമ്മിലെ സി.കെ. സദാശിവനാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇത്തവണയും സദാശിവന്‍െറ പേരിനാണ് ഇടതുമുന്നണിയില്‍ മുന്‍തൂക്കമെന്ന് അറിയുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എ. അലിയാര്‍, ഏരിയ സെക്രട്ടറി അഡ്വ. കെ.എച്ച്. ബാബുജാന്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.