ആലപ്പുഴ-ചങ്ങനാശേരി റോഡ് അപകട മേഖലയായി; വഴിവിളക്കുകള്‍ നോക്കുകുത്തി

കുട്ടനാട്: ആലപ്പുഴ-ചങ്ങനാശേരി റോഡ് അപകട മേഖലയായി. പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ ചങ്ങനാശേരിയെയും ആലപ്പുഴയെയും ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അടങ്ങിയ ഗതാഗത മാര്‍ഗം പലപ്പോഴും വാഹനാപകട പരമ്പരകള്‍ക്ക് സാക്ഷിയാകുന്നു. ഒരുവര്‍ഷത്തിനുള്ളില്‍ എ.സി റോഡ് അപകടരഹിതമാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനം ജലരേഖയായി. പൊലീസും മോട്ടോര്‍വാഹന വകുപ്പും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇടുങ്ങിയ പാലങ്ങളില്‍ റിഫ്ളക്ടറുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. വേഗനിയന്ത്രണം എ.സി റോഡില്‍ നടപ്പാകുന്നില്ല. തടസ്സങ്ങളില്ലാത്ത റോഡും നീണ്ട പാലങ്ങളും കാരണം വാഹനങ്ങളില്‍ ബ്രേക്ക് ചവിട്ടേണ്ടി വരുന്നില്ല. പലപ്പോഴും ഗിയര്‍പോലും മാറ്റാതെയാണ് വാഹനങ്ങള്‍ പായുന്നത്. വാഹനങ്ങള്‍ കൂട്ടിയിടിക്കുകയോ നിയന്ത്രണം വിട്ട് പാടത്തേക്കോ കനാലിലേക്കോ മറിയുകയോ ചെയ്യുന്നത് പതിവാണ്. വഴിവിളക്കുകള്‍ പ്രകാശിപ്പിക്കല്‍, ഇടുങ്ങിയതും കാലപ്പഴക്കം ചെന്നതുമായ പാലങ്ങളുടെ പുനര്‍നിര്‍മാണവും വീതികൂട്ടലും, വാഹനങ്ങള്‍ കനാലിലേക്ക് വീഴാതെ തടഞ്ഞുനിര്‍ത്തുന്ന തടയണ നിര്‍മാണം, ആവശ്യമായ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കല്‍, വാഹന പരിശോധന ശക്തമാക്കല്‍ എന്നിവ അപകടങ്ങള്‍ കുറക്കുന്നതിന് വേണ്ടി നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കളര്‍കോട് ജങ്ഷന്‍ മുതല്‍ ചങ്ങനാശ്ശേരി ജങ്ഷന്‍ വരെയുള്ള 24 കിലോമീറ്റര്‍ റോഡില്‍ വഴിവിളക്കുകള്‍ കത്താത്തതും പാലങ്ങളുടെ വീതി കുറവുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാമങ്കരി പാലത്തിന് സമീപം വാഹനമിടിച്ച് പ്രദേശവാസികളായ തോമസ്, ശൗര്യാര്‍ എന്നിവര്‍ മരിച്ചിരുന്നു. പള്ളിയില്‍ നിന്നും പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയ ഇവരെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രാവിലെ എ.സി റോഡിലൂടെ അമിതവേഗത്തില്‍ ലോറികള്‍ സഞ്ചരിക്കുന്നത് വാഹന പരിശോധന കൃത്യമല്ലാത്തത് കൊണ്ടാണ്. കാമറ പോയന്‍റുകളില്‍ മാത്രമാണ് വാഹനങ്ങള്‍ വേഗം നിയന്ത്രിച്ച് കടന്നുപോകുന്നത്. ആയിരക്കണക്കിന് വാഹനങ്ങള്‍ ദിവസേന കടന്നുപോകുന്ന സംസ്ഥാന പാതയാണിത്. ദിവസം അഞ്ചോളം അപകടങ്ങള്‍ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പള്ളാത്തുരുത്തി, നെടുമുടി, കിടങ്ങറ എന്നീ വലിയ പാലങ്ങളൊഴികെ ബാക്കിയുള്ള എല്ലാ പാലങ്ങളും വീതി കുറഞ്ഞവയാണ്. ഒരേസമയം രണ്ട് വാഹനങ്ങള്‍ പാലത്തില്‍ കയറിയാല്‍ സൈഡ് നല്‍കുന്നതിനിടെ വാഹനം വെള്ളത്തിലേക്ക് മറിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. വാഹനങ്ങള്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുന്നത് നിത്യസംഭവമായതോടെ മങ്കൊമ്പ് ഒന്നാംകര മുതല്‍ പൂവം വരെയുള്ള ഭാഗത്ത് തടയണ നിര്‍മിക്കാന്‍ തീരുമാനിച്ചെങ്കിലും അതും നടന്നില്ല. വേഗം പരിശോധിക്കാന്‍ കാമറകള്‍ സ്ഥാപിച്ചത് മാത്രമാണ് പ്രഖ്യാപിച്ച പദ്ധതിയില്‍ നടപ്പാക്കിയത്. അഞ്ച് കാമറകള്‍ സ്ഥാപിച്ചതില്‍ നിലവില്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്നതുമില്ല. അപകടങ്ങള്‍ നടക്കുമ്പോള്‍ വഴിപാടുപോലെ ഓടിയത്തെി പരിശോധനയും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ കാര്യക്ഷമമായ നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ളെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.