കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടി; സമ്മര്‍ദവുമായി അപേക്ഷകര്‍

ആലപ്പുഴ: ആലപ്പുഴയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാകണമെന്ന മോഹവുമായി അപേക്ഷ നല്‍കിയവര്‍ സമ്മര്‍ദവുമായി രംഗത്ത്. 260ലേറെ അപേക്ഷകളാണ് എല്ലാ മണ്ഡലങ്ങളിലേക്കുമായി ലഭിച്ചിട്ടുള്ളത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സജീവ് ജോസഫ്, ലതിക സുഭാഷ് എന്നിവര്‍ക്കാണ് അപേക്ഷ നല്‍കിയത്. പതിവായി സ്ഥാനാര്‍ഥി ആക്കണമെന്ന് അപേക്ഷ നല്‍കി അവസാനം നിരാശയുടെ പാളയത്തില്‍ പെട്ടുപോകുന്ന പലനേതാക്കളും ഇത്തവണയും പ്രതീക്ഷയുമായി രംഗത്തുണ്ട്. ഹരിപ്പാട്, കുട്ടനാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരുതരത്തിലെ ഇടപെടലുകളും ഉണ്ടാകില്ളെന്ന സൂചനയും നേതാക്കള്‍ നല്‍കി. ഹരിപ്പാട്ട് രമേശ് ചെന്നിത്തലയും ചെങ്ങന്നൂരില്‍ പി.സി. വിഷ്ണുനാഥും മത്സരിക്കുമ്പോള്‍ കുട്ടനാട്ടില്‍ ഘടകകക്ഷിക്ക് സീറ്റ് കൊടുക്കാനാണ് സാധ്യത. അതിനാല്‍ ഈ മൂന്ന് മണ്ഡലത്തില്‍നിന്ന് അപേക്ഷകരുടെ എണ്ണം കുറവായിരുന്നു. കുട്ടനാട്ടില്‍ വിചാര്‍ വിഭാഗ് നേതാവ് നെടുമുടി ഹരികുമാര്‍ അപേക്ഷ നല്‍കി. എന്നാല്‍, അവിടെ കേരള കോണ്‍ഗ്രസ്-എം വാദം ഉന്നയിക്കുന്നുമുണ്ട്. കായംകുളത്ത് പത്ത് അപേക്ഷയാണുള്ളത്. എ വിഭാഗത്തിന്‍െറ സീറ്റായ കായംകുളത്ത് ഇതുവരെ സ്ഥാനാര്‍ഥി പട്ടികയില്‍ ഒരിക്കലും ഇടംപിടിച്ചിട്ടില്ലാത്ത മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, അഡ്വ. ഇ. സമീര്‍, അഡ്വ. യു. മുഹമ്മദ്, എം. ലിജു തുടങ്ങിയവരെല്ലാം ഉണ്ട്. എ ഗ്രൂപ്പിന്‍െറ സീറ്റ് ആയതിനാല്‍ എ.കെ. ആന്‍റണിയുടെ അഭിപ്രായവും ഇവിടെ പ്രധാനമാകും. മാവേലിക്കരയില്‍ പട്ടികജാതി സംവരണ സീറ്റായതിനാല്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ കെ.കെ. ഷാജുവിനെ മത്സരിപ്പിക്കാനാണ് നേതൃത്വത്തിലെ ഒരുവിഭാഗത്തിന് താല്‍പര്യം. എന്നാല്‍, പന്തളം സുധാകരനെപോലുള്ള പ്രധാന നേതാക്കളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അമ്പലപ്പുഴയില്‍ ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഉയരുന്നത്. നേരത്തേ, ചുരുങ്ങിയകാലം മാത്രം എം.എല്‍.എയായിരുന്ന ഷുക്കൂറിന് ഇത്തവണ വിജയസാധ്യത ഏറെയുള്ള സീറ്റ് നല്‍കണമെന്ന് ഐ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ മത്സരിക്കണമെന്ന ആവശ്യവും ഉണ്ട്. അവിടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആലപ്പുഴയില്‍ കഴിഞ്ഞതവണ മത്സരിച്ച അഡ്വ. പി.ജെ. മാത്യു, എം.ജെ. ജോബ്, സുനില്‍ ജോര്‍ജ് തുടങ്ങിയ നേതാക്കളുടെ പേരാണ് ഉയരുന്നത്. ചേര്‍ത്തലയില്‍ എസ്. ശരത്, ഷാജി മോഹന്‍ എന്നിവരുടെ പേരുകളാണ് അപേക്ഷകരില്‍ പ്രധാനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.