ആറാട്ടുപുഴ: കര്‍ഷകനായ ഉദയകുമാറിന് ബൈക്ക് യാത്രചെയ്യാനുള്ള വാഹനം മാത്രമല്ല, കൃഷിപ്പണിക്കുള്ള ഒരു ഉപകരണം കൂടിയാണ്. ജലസേചനത്തിനും മരച്ചീനി കമ്പുകള്‍ മുറിക്കാനും ബൈക്കാണ് ഉപയോഗിക്കുന്നത്. കാര്‍ത്തികപ്പള്ളി മഹാദേവികാട് പുത്തന്‍വീട്ടില്‍ ഉദയകുമാര്‍ (50) പഞ്ചായത്തിലെ മികച്ച പച്ചക്കറി കര്‍ഷകരില്‍ ഒരാളാണ്. ഫര്‍ണിച്ചര്‍ പണിത് വില്‍ക്കുന്ന ഉദയകുമാറിനെ ഒരു അപകടമാണ് കൃഷിക്കാരനാക്കി മാറ്റിയത്. തടിപ്പണിക്കിടെ തെറിച്ച കമ്പ് വലതുകണ്ണിന്‍െറ കാഴ്ച കെടുത്തി. പിന്നീട് തടിപ്പണി ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിയുകയായിരുന്നു. കൃഷിക്കിറങ്ങിയപ്പോള്‍ ജലസേചനം പ്രതിസന്ധിയായി മുന്നില്‍വന്നു. കുഴല്‍ക്കിണര്‍ സ്ഥാപിച്ച് വെള്ളം പമ്പ് ചെയ്യലായിരുന്നു പ്രായോഗിക മാര്‍ഗം. എന്നാല്‍, വൈദ്യുതി ലഭിക്കാനുള്ള പ്രയാസവും സാമ്പത്തിക ബാധ്യതയും പ്രശ്നം സൃഷ്ടിച്ചു. ഈ പ്രതിസന്ധി മറികടക്കാനുള്ള ഉദയന്‍െറ ആലോചന ചെന്നത്തെിയത് തന്‍െറ ബൈക്കിലാണ്. മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളില്‍ നിറയുന്ന വെള്ളം പുറത്തേക്ക് കളയുന്നതിന് ഉപയോഗിക്കുന്ന പമ്പാണ് ഉദയന്‍ ഉപയോഗിക്കുന്നത്. എന്‍ജിനില്‍നിന്ന് പുറത്തേക്ക് സംവിധാനിച്ചിട്ടുള്ള ഷാഫ്റ്റില്‍ ബെല്‍റ്റ് ഇടാന്‍ കഴിയുന്ന തരത്തിലുള്ള ചക്രം ഉറപ്പിച്ചിട്ടുണ്ട്. പിന്നിലിരിക്കുന്ന യാത്രക്കാരന്‍ കാല്‍വെക്കുന്ന ഭാഗം ഇളക്കിമാറ്റി അവിടെ ഒരു പലക സ്ഥാപിച്ചിരിക്കുന്നു. ഇവിടെയാണ് മോട്ടോര്‍ വെക്കുന്നത്. ശേഷം ചക്രത്തിലും മോട്ടോറിലുമായി ബെല്‍റ്റ് ഘടിപ്പിക്കും. ചക്രത്തിന്‍െറ മുന്നിലായി എന്‍ജിനിലേക്ക് കാറ്റ് ലഭിക്കുന്ന തരത്തില്‍ പങ്കയും പിടിപ്പിക്കും. രണ്ട് മിനിറ്റുകൊണ്ട് സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയുമെന്ന് ഉദയകുമാര്‍ പറയുന്നു. ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്താല്‍ കുഴല്‍ക്കിണറില്‍നിന്ന് വെള്ളം പുറത്തേക്കുവരും. ആക്സിലറേറ്റര്‍ ക്രമീകരിച്ച് അനുയോജ്യമായ ശക്തിയില്‍ വെള്ളം പമ്പ് ചെയ്യാനും സാധിക്കും. പരമാവധി 2500 രൂപയാണ് കുഴല്‍ക്കിണര്‍ ഒഴികെയുള്ള സാധന സാമഗ്രികള്‍ക്കായി ചെലവഴിച്ചത്. ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ഒരേക്കറോളം സ്ഥലത്ത് വെള്ളം പമ്പ്ചെയ്യാന്‍ കഴിയും. വൈദ്യുതിയെക്കാള്‍ ലാഭകരമാണെന്ന് ഉദയകുമാര്‍ പറയുന്നു.തന്‍െറ നാല് പുരയിടങ്ങളില്‍ ബൈക്ക് ഉപയോഗിച്ചാണ് വെള്ളം പമ്പ്ചെയ്യുന്നത്. ഒന്നുകൂടിയുണ്ട് ബൈക്കിന്‍െറ പ്രയോജനം. ചക്രം ഘടിപ്പിച്ചിട്ടുള്ള ഷാഫ്റ്റില്‍ ബ്ളേഡ് പിടിപ്പിച്ചാണ് ഇയാള്‍ മരച്ചീനി കമ്പുകള്‍ നടാന്‍ പാകത്തില്‍ മുറിക്കുന്നത്. അനായാസമായി ഒരു മിനിറ്റില്‍ 50 കഷണങ്ങള്‍ വരെ മുറിക്കാന്‍ കഴിയും. കാര്‍ത്തികപ്പള്ളി, തൃക്കുന്നപ്പുഴ, കുമാരപുരം പഞ്ചായത്തുകളില്‍ സ്വന്തമായുള്ള രണ്ടര ഏക്കറോളം സ്ഥലത്ത് വിവിധയിനം പച്ചക്കറികള്‍, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍, തെങ്ങ് തുടങ്ങിയ വിളകള്‍ ഉദയകുമാര്‍ നാലുവര്‍ഷമായി കൃഷിചെയ്തുവരുന്നു. കൃഷിക്ക് കാര്‍ത്തികപ്പള്ളി കൃഷി ഓഫിസര്‍ രേഖാ ഭാസ്കറും മറ്റ് ജീവനക്കാരും പ്രോത്സാഹനവും നിര്‍ദേശങ്ങളും നല്‍കുന്നുണ്ടെന്ന് ഉദയകുമാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.