വീടിനുനേരെ ഗുണ്ടാ ആക്രമണം: നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: വീട് ആക്രമിച്ച് വൃദ്ധയെയും കുടുംബാംഗങ്ങളെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത ക്വട്ടേഷന്‍ സംഘത്തിലെ നാലുപേരെ നോര്‍ത് പൊലീസ് അറസ്റ്റ്ചെയ്തു. സിവില്‍ സ്റ്റേഷന്‍ വാര്‍ഡ് റോസ് മന്‍സിലില്‍ സാബിര്‍ (35), പാതിരപ്പള്ളി തട്ടങ്ങാട്ട് വീട്ടില്‍ സോണി (33), സക്കറിയാ ബസാര്‍ യാഹി പുരയിടത്തില്‍ ഷാനു (33), കനാല്‍ വാര്‍ഡ് പുത്തന്‍പറമ്പില്‍ ബിജോ (35) എന്നിവരെയാണ് എസ്.ഐ സൈജുവിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. എട്ടംഗ സംഘത്തിലെ മറ്റ് നാലു പേര്‍ക്കുവേണ്ടി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെയാണ് സംഭവം. ആറാട്ടുവഴി കിഴക്കേമംഗലം വീട്ടില്‍ ഷിഹാബുദ്ദീന്‍െറ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. കതകുചവിട്ടിപ്പൊളിച്ച് അകത്തു കടന്ന സം ഘം ജനലും ഫര്‍ണിച്ചറും മറ്റും അടിച്ചുതകര്‍ത്തു. ഷിഹാബുദ്ദീന്‍െറ ഭാര്യ കുര്‍ഷിദ് ബീവിയെയും മകള്‍ ഫൗസിയയെയും മര്‍ദിച്ചു. ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടര വയസ്സുള്ള കുഞ്ഞിനു പരിക്കേറ്റു. കവര്‍ച്ചയായിരുന്നു സംഘത്തിന്‍െറ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഒന്നര പവന്‍െറ ആഭരണങ്ങള്‍, 7900 രൂപ, രണ്ടു മൊബൈല്‍ ഫോണ്‍ എന്നിവ വീട്ടില്‍നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കുര്‍ഷിദ് ബീവി പൊലീസിന് മൊഴിനല്‍കി. 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സാബിറിനെതിരെ സൗത് സ്റ്റേഷനില്‍ മാത്രം 19 കേസുകളുണ്ട്. മറ്റുള്ളവരും കവര്‍ച്ചക്കേസുകളില്‍ പ്രതിയാണ്. സാബിര്‍ ഒരു റിസോര്‍ട്ടിന്‍െറ മാനേജരായി പ്രവര്‍ത്തിക്കുകയാണ്. ടൂറിസം മേഖലയിലാണ് സംഘം പ്രധാനമായും ഗുണ്ടാ, ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പ്രതികളെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.