വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി സെക്രട്ടേറിയറ്റ് ഉപരോധിക്കും

ആലപ്പുഴ: സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതിയുടെ നേതൃത്വത്തില്‍ 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ജില്ലയില്‍നിന്ന് 2000 ഭൂരഹിതര്‍ പങ്കെടുക്കുമെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ആറുമുതല്‍ ആരംഭിക്കുന്ന ഉപരോധത്തില്‍ ജില്ലാ ഭൂസമര സമിതിയുടെ കണ്‍വീനര്‍ നാസര്‍ ആറാട്ടുപുഴയാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തകരാണ് പങ്കെടുക്കുന്നത്. ഉപരോധം പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.പി. ഹംസ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നാലുലക്ഷം വരുന്ന ഭൂരഹിതരില്‍ 10ശതമാനം പേര്‍ക്കാണ് കേവലം മൂന്നുസെന്‍റ് ഭൂമിയുടെ പട്ടയം ലഭിച്ചത്. പട്ടയം ലഭിച്ചവരില്‍ പകുതി പേര്‍ക്കുപോലും ഭൂമി ലഭിച്ചില്ളെന്ന് നേതാക്കള്‍ പറഞ്ഞു. ഒരുലക്ഷം പേര്‍ക്ക് നല്‍കാനുള്ള ഭൂമി സര്‍ക്കാറിന്‍െറ കൈവശമുണ്ടെന്നും ബാക്കിയുള്ളവര്‍ക്ക് ഉടന്‍ ഏറ്റെടുത്ത് നല്‍കുമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. സീറോ ലാന്‍ഡ്ലെസ് പദ്ധതിക്ക് കണ്ടത്തെിയ ആലപ്പുഴ അരൂക്കുറ്റി വില്ളേജില്‍ ഒരേക്കര്‍ 26 സെന്‍റ് ഭൂമിയില്‍ ത്രൈന്‍ ഗ്രീന്‍ ലഗൂണ്‍സ് റിസോര്‍ട്ടിന് നല്‍കിയിരിക്കുകയാണ്. കായല്‍ പുറമ്പോക്കില്‍ കലവൂര്‍ വില്ളേജില്‍ ഇന്‍ഫ്രാ ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡിന് 82.5 സെന്‍റ് കൈമാറി. ഇത്തരത്തില്‍ ചട്ടങ്ങള്‍ ലംഘിച്ച് നടത്തുന്ന പ്രവൃത്തികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം. ഭൂരഹിതര്‍ക്ക് നല്‍കാനാവുന്ന ഭൂമി എല്ലാ താലൂക്കിലും ലഭ്യമാണെന്ന് പാര്‍ട്ടി നേതാക്കള്‍ വിവരാവകാശപ്രകാരം സമ്പാദിച്ച രേഖകളില്‍ വ്യക്തമായിട്ടും ഇവ വിതരണം ചെയ്യാന്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നീക്കമില്ല. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് മോഹന്‍ സി. മാവേലിക്കര, വൈസ് പ്രസിഡന്‍റ് എം.എച്ച്. ഉവൈസ്, ജില്ലാ ട്രഷറര്‍ എം. അബ്ദുല്‍ ലത്തീഫ്, ജില്ലാ കമ്മിറ്റി അംഗം ജോണ്‍ ബ്രിട്ടോ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.