വിനോദസഞ്ചാര മേഖലയില്‍ മുരടിപ്പ്; ഡി.ടി.പി.സിയുടെ കണക്ക് തെറ്റ്

ആലപ്പുഴ: വിനോദസഞ്ചാര മേഖലയിലെ സമഗ്രവികസനത്തിന് 20 ഇന മാര്‍ഗനിര്‍ദേശ രേഖയുമായി ഓള്‍കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്‍. നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചതായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോരായ്മകള്‍ കാരണം ആലപ്പുഴയുടെ ടൂറിസം മേഖല അനുദിനം ദുര്‍ബലപ്പെടുകയാണ്. ഹൗസ്ബോട്ട് മേഖലയില്‍ ഗുരുതര പ്രതിസന്ധിയാണ് തൊഴിലാളികള്‍ നേരിടുന്നത്. ഇടനിലക്കാരുടെ ചൂഷണംമൂലം ഉടമകള്‍ കടുത്ത സാമ്പത്തിക ബാധ്യതയാണ് നേരിടുന്നത്. ജില്ലയിലെ ടൂറിസം വ്യവസായം വളരുന്നതായ കണക്കുകളാണ് ഡി.ടി.പി.സിയും മറ്റും വ്യക്തമാക്കുന്നത്. ഇത് ശരിയല്ളെന്ന് ഓണേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. വേണ്ടരീതിയിലെ പ്രോത്സാഹനം ലഭിക്കാത്തതാണ് ഈ മേഖല മുരടിക്കാന്‍ കാരണം. ജില്ലയില്‍ 637 ബോട്ട് അംഗങ്ങളാണ് അസോസിയേഷന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 69 ശതമാനം ബോട്ടുകളും പ്രവാസികളുടേതാണ്. ഡി.ടി.പി.സി ഏര്‍പ്പാടാക്കി നല്‍കുന്ന ഹൗസ്ബോട്ട് ക്ളീനിങ് തൊഴിലാളികളെ സംബന്ധിച്ചും നിരവധി ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഇടക്കിടെ ഉണ്ടാകുന്ന ഹര്‍ത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ തകര്‍ക്കുന്നു. ഇവ പൂര്‍ണമായും ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നും ഉണ്ടാകണം. വൈകുന്നേരങ്ങളിലെ ബോട്ട് യാത്ര നിരോധിച്ചത് സന്ദര്‍ശകരെ സംബന്ധിച്ച് വിരസതക്ക് കാരണമാകുന്നു. ഇത് പരിഹരിക്കാന്‍ കൈനകരി, തോട്ടപ്പള്ളി, കഞ്ഞിപ്പാടം എന്നിവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് നൈറ്റ് ആക്ടിവിറ്റീസ് സെന്‍ററുകള്‍ സ്ഥാപിക്കണം. ഇവിടെ സാംസ്കാരിക കലാപരിപാടികള്‍, ഷോപ്പിങ് സെന്‍ററുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്‍ററുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി മേഖലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കണം. കുറഞ്ഞത് 2000 പേര്‍ക്ക് ഒരുമിച്ച് സന്ദര്‍ശിക്കാന്‍ കഴിയുന്ന രീതിയില്‍ പി.പി.പി മാതൃകയില്‍ വാട്ടര്‍ തീം പാര്‍ക്ക് ക്രമീകരിക്കണം. ക്ളീന്‍ സിറ്റിയായി ജില്ലയെ പ്രഖ്യാപിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഇ-ടോയിലറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും ടൂറിസം പൊലീസിന്‍െറ സേവനം ഉറപ്പാക്കണം. ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി നെടുമ്പാശ്ശേരി മുതല്‍ ആലപ്പുഴവരെയുള്ള റോഡ് ഗതാഗതം സുഗമമാക്കാനുള്ള നടപടി കൈക്കൊള്ളണം. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്നാര്‍-ആലപ്പുഴ ടൂറിസം ഹൈവേ എത്രയും വേഗം നടപ്പാക്കണം. ദേശീയപാതയെയും പുന്നമടയെയും ബന്ധിപ്പിക്കുന്ന കായലോര പാതയുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം നടപ്പാക്കണം. ഫിനിഷിങ് പോയിന്‍റ് മുതല്‍ പുന്നമടവരെയുള്ള ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സം നില്‍ക്കുന്ന മരക്കുറ്റികള്‍ നിര്‍മാര്‍ജനം ചെയ്യണം. അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി മൊബൈല്‍ റാപിഡ് ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ സ്ഥാപിക്കണമെന്നും ബോട്ടുകളില്‍ സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി യൂനിറ്റ് ആരംഭിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ജോസുകുട്ടി ജോസഫ്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍, നൗഷാദ് രാജ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.