ആലപ്പുഴ: ശക്തമായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതോടെ നഗരത്തിലെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി വീണ്ടും അനിശ്ചിതത്വത്തിലായി. വെള്ളിയാഴ്ച കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഒഴിപ്പിക്കലിന് എത്തിയെങ്കിലും കൗണസിലര്‍ മെഹബൂബിന്‍െറയും മറ്റും നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തിയതിനാല്‍ ഉദ്യോഗസ്ഥര്‍ പിന്മാറുകയായിരുന്നു. പാതിവഴിയില്‍ മുടങ്ങിയ ഒഴിപ്പിക്കല്‍ കഴിഞ്ഞ ദിവസം പുനരാരംഭിച്ചെങ്കിലും ശക്തമായ എതിര്‍പ്പുമായി രാഷ്ട്രീയക്കാര്‍ രംഗത്ത് വന്നതോടെ നടപടികള്‍ അനിശ്ചിതത്വത്തിലാകുകയായിരുന്നു. നഗരസഭയുടെ നടപടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ചില കൗണ്‍സിലര്‍മാര്‍തന്നെയാണെന്ന് നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. ഈ സാഹചര്യത്തില്‍ നഗരസഭയ്ക്കൊന്നും ചെയ്യാനാവുന്നില്ളെന്നും അദ്ദേഹം പറഞ്ഞു. തോണ്ടന്‍കുളങ്ങര തെക്കേഭാഗം, കോടതിപ്പാലം, വൈ.എം.സി- ബോട്ട് ജെട്ടി ഭാഗങ്ങള്‍, മുല്ലയ്ക്കല്‍ മുതല്‍ സീറോ ജങ്ഷന്‍ വരെ എന്നീ ഭാഗങ്ങളിലെ കൈയേറ്റങ്ങളാണ് കഴിഞ്ഞദിവസംവരെ ഒഴിപ്പിച്ചത്. എന്നാല്‍, ബാക്കി കൈയേറ്റം നടന്ന ഭാഗത്തേക്ക് നടപടി വ്യാപിപ്പിക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. ചില നേതാക്കളുടെ ഒത്താശ്ശയോടെ നടത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുത്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. എങ്കിലും ശക്തമായ ബഹുജന അഭിപ്രായം ഉയര്‍ന്നതോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കുകയായിരുന്നു. ഇതോടെ, വീണ്ടും ഉന്നതങ്ങളില്‍ നിന്ന് സ്വാധീനം ചെലുത്തി നഗരസഭയുടെ നടപടി അട്ടിമറിച്ചു. ഇതോടെ, രാഷ്ട്രീയക്കാരെ വെറുപ്പിച്ച് മുന്നോട്ടുപോണോ അതോ നടപടികള്‍ അവസാനിപ്പിക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് നഗരസഭ അധികൃതര്‍. ഇത്രയുമൊക്കെയായിട്ടും ഇതിന് ഉത്തരവ് നല്‍കിയ ജില്ലാ ഭരണകൂടം മൗനം പാലിക്കുകയാണ്. അതിനിടെ, കുടിയൊഴിപ്പിക്കപ്പെട്ട കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നഗരസഭ ചെയ്യുന്നുണ്ട്. തയാറെടുപ്പുകളുടെ ഭാഗമായി ഒഴിപ്പിച്ച കച്ചവടക്കാരുടെ സെന്‍സസ് കണക്കുകള്‍ ശേഖരിക്കാനാണ് നഗരസഭ നിശ്ചയിച്ചിരിക്കുന്നത്. നഗരസഭ നേരിട്ട് നടത്തുന്ന ഈ ഉദ്യമം പൂര്‍ത്തികരിക്കാന്‍ കച്ചവടക്കാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.