ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാനുള്ള പദ്ധതികളുടെ സാങ്കേതിക അനുമതി ഒരാഴ്ചക്കുള്ളില്‍ നേടിയെടുക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍. ജില്ല ആസൂത്രണസമിതി യോഗത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആകെ 3376 പദ്ധതികള്‍ക്കാണ് അനുമതി ആവശ്യമായിട്ടുള്ളത്. ഇതില്‍ 2658 പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. 717 പദ്ധതികള്‍ക്കുകൂടി ലഭിക്കേണ്ടതുണ്ട്. അരൂര്‍, വീയപുരം, എടത്വ, മാരാരിക്കുളം തെക്ക്, പുളിങ്കുന്ന്, പുന്നപ്ര വടക്ക്, രാമങ്കരി, തലവടി തുടങ്ങിയ പഞ്ചായത്തുകളാണ് സാങ്കേതിക അനുമതി നേടാനുള്ളത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പ്രധാന തടസ്സമെന്ന് പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 29ന് ജില്ല പഞ്ചായത്ത് ഹാളില്‍ യോഗം ചേരും. പദ്ധതിച്ചെലവുകള്‍ സംബന്ധിച്ച പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു. ചെലവുകളുടെ കാര്യത്തില്‍ 26 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിരിക്കുന്നത്. ഏറ്റവും അധികം തുക ചെലവഴിച്ചെന്ന നേട്ടം ആലപ്പുഴ ജില്ലക്കാണ്. എന്നാല്‍, പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി.ഡി. സുദര്‍ശനന്‍ പറഞ്ഞു. ചില തദ്ദേശ സ്ഥാപനങ്ങള്‍ 20 ശതമാനത്തില്‍ താഴെയാണ് തുക ചെലവഴിച്ചിരിക്കുന്നത്. മാര്‍ച്ച് 31നകം മുഴുവന്‍ തുകയും ചെലവഴിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് പഞ്ചായത്തുകള്‍ പാലിക്കണം. ആകെ 65 ശതമാനം തുകയാണ് പഞ്ചായത്തുകള്‍ ചെലവഴിച്ചത്. മാന്നാര്‍ (10.8 ശതമാനം), ചെട്ടികുളങ്ങര (14.09), തഴക്കര (15.55), കുത്തിയതോട് (20), മുതുകുളം (17.05), വയലാര്‍ (20), ഭരണിക്കാവ് (20), പുന്നപ്ര വടക്ക് (40), കോടംതുരുത്ത് (21), വെണ്‍മണി (25), ചെന്നിത്തല (22), ചേപ്പാട് (27), ചെറുതന (35) എന്നീ പഞ്ചായത്തുകളാണ് ചെലവ് നിര്‍വഹണകാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നത്. നികുതി പിരിവ്, പദ്ധതി ചെലവ് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് അസോസിയേഷനും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പാരിതോഷികങ്ങളും പ്രഖ്യാപിച്ചു. ഒന്നുമുതല്‍ മൂന്നുവരെ സ്ഥാനം നേടിയവര്‍ക്കാണ് സമ്മാനം നല്‍കുക. ഹരിതകേരളം പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. ഇതുവരെ 35 പഞ്ചയാത്തുകള്‍ ഗുണഭോക്തൃ പട്ടിക സമര്‍പ്പിച്ചു. പദ്ധതിയുടെ 40 ശതമാനം തുക വിതരണത്തിന് തയാറായിട്ടുണ്ട്. ഗ്രാമസഭകള്‍ അംഗീകരിക്കാത്ത പദ്ധതികള്‍ തള്ളുമെന്നും അധികൃതര്‍ പറഞ്ഞു. യോഗത്തില്‍ പ്ളാനിങ് ഓഫിസര്‍ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ല പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ്കുമാര്‍, സെക്രട്ടറി ജി. വേണുലാല്‍ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.