മൂവാറ്റുപുഴയില്‍ ഗതാഗതപരിഷ്കാരം നാളെ മുതല്‍

മൂവാറ്റുപുഴ: വിവാദങ്ങള്‍ക്കൊടുവില്‍ മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാകും. മൂന്നുമാസം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി വിജയിച്ചെങ്കിലും ഭരണകക്ഷിയിലെ ചിലരുടെ എതിര്‍പ്പുമൂലം നിര്‍ത്തിവെച്ച പരിഷ്കാരങ്ങളാണ് പുനരാരംഭിക്കുന്നത്. ഗതാഗത ഉപദേശക സമിതിയുടെ സബ് കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നാണ് പരിഷ്കാരം നടപ്പാക്കാന്‍ തീരുമാനിച്ചത്. നേരത്തേ പരീക്ഷിച്ച് വിജയിച്ച പരിഷ്കാരങ്ങളില്‍ വലിയ മാറ്റമൊന്നും സബ് കമ്മിറ്റി വരുത്തിയിട്ടില്ല. വള്ളക്കാലിപ്പടിയിലെ ബസ് സ്റ്റോപ് മുന്നോട്ടുനീക്കി മമ്മി ഡാഡി ടെക്സ്റ്റൈല്‍സിന് മുന്നിലെ ബസ് സ്റ്റോപ്പിനൊപ്പമാക്കി. വെള്ളൂര്‍ക്കുന്നം ഐ.ടി.ആര്‍ ജങ്ഷനിലെ രണ്ട് സ്റ്റോപ്പുകളും ഒഴിവാക്കിയതാണ് പ്രധാന മാറ്റം. ടി.ബി റോഡിന്‍െറ ആരംഭത്തിലും അവസാനത്തിലും ചെറുവാഹനങ്ങള്‍ക്കും സ്കൂള്‍ വാഹനങ്ങള്‍ക്കും മാത്രം യൂ ടേണ്‍ അനുവദിച്ച് ടി.ബി റോഡ് വണ്‍വേ ആക്കും. ഇ.ഇ.സി മാര്‍ക്കറ്റ് റോഡ് വഴി പെരുമ്പാവൂര്‍, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും എം.സി റോഡില്‍ പ്രവേശിച്ച് ഇടത്തോട്ട് തിരിഞ്ഞ് നെഹ്റു പാര്‍ക്ക് ചുറ്റി പോകണം. വെള്ളൂര്‍കുന്നത്ത് ഏവണ്‍ ടെക്സ്റ്റൈല്‍സിന് മുന്നില്‍ പെരുമ്പാവൂരിലേക്കുള്ള ബസുകളും തൊട്ടുമുന്നില്‍ എറണാകുളം ഭാഗത്തേക്കുള്ള ബസുകളും നിര്‍ത്തണം. വാഴപ്പിള്ളിയില്‍നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കുള്ള ബസുകള്‍ കാര്‍ഷിക സഹകരണ ബാങ്കിന് സമീപം കോര്‍മലക്കുന്നിലെ മണ്ണ് ഇടിഞ്ഞ ഭാഗത്ത് നിര്‍ത്തണം. മൂവാറ്റുപുഴയില്‍നിന്ന് കോതമംഗലം ഭാഗത്തേക്കുള്ള ബസുകള്‍ കീച്ചേരിപ്പടി ഓട്ടോ സ്റ്റാന്‍ഡിന് പുറകില്‍ മുടവനശ്ശേരി തൈക്കാവിന് മുന്നില്‍ നിര്‍ത്തണം. കോതമംഗലം ഭാഗത്തുനിന്ന് ഇരുചക്രം ഒഴികെ എല്ലാ വാഹനങ്ങളും വണ്‍വേ ജങ്ഷനില്‍നിന്ന് തിരിഞ്ഞ് റോട്ടറി റോഡ് വഴി നഗരത്തിലത്തെണം. കൂത്താട്ടുകുളം, പിറവം ഭാഗത്തുനിന്ന് വരുന്നതും മൂവാറ്റുപുഴയില്‍ സര്‍വിസ് അവസാനിക്കുന്നതുമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തിരക്കുള്ള സമയത്ത് മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ ട്രിപ്പ് അവസാനിപ്പിക്കണം. തൊടുപുഴ ഭാഗത്തേക്കുള്ള ബസുകള്‍ ലത സ്റ്റാന്‍ഡില്‍ കയറണം. സ്റ്റാന്‍ഡില്‍ ഓരോ ഭാഗത്തേക്കും ബസുകള്‍ക്ക് പാര്‍ക്കിങ് സ്ഥലങ്ങള്‍ രേഖപ്പെടുത്തും. ഇ.ഇ.സി മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകള്‍ എവറസ്റ്റ് ജങ്ഷനിലെ വണ്ടിപ്പേട്ടയിലേക്ക് മാറ്റണം. തൊടുപുഴ, പിറവം ഭാഗത്തുനിന്ന് വന്ന് സര്‍വിസ് അവസാനിക്കുന്ന ബസുകള്‍ ഇ.ഇ.സി മാര്‍ക്കറ്റ് വഴി കീച്ചേരിപ്പടിയിലത്തെി പച്ചക്കറി മാര്‍ക്കറ്റ് റോഡ് വഴി കാവുങ്കര സ്റ്റാന്‍ഡിലത്തെണം. തടിലോറികള്‍ക്ക് രാത്രി ഏഴിന് ശേഷമേ ടൗണില്‍ പ്രവേശനമുള്ളൂ. തിങ്കളാഴ്ച രാവിലെ എട്ടിന് വള്ളക്കാലി ജങ്ഷനില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍ സി.ഐക്ക് കൊടി കൈമാറി പരിഷ്കാരം ഉദ്ഘാടനം ചെയ്യും. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.