എസ്.ഡി.വി മൈതാനിയില്‍ കാര്‍ഷിക പ്രദര്‍ശനം നാളെമുതല്‍

ആലപ്പുഴ: ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച കാര്‍ഷിക വസന്തോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. വെള്ളിയാഴ്ച മുതല്‍ എസ്.ഡി.വി മൈതാനിയില്‍ കാര്‍ഷികമേളക്കും പ്രദര്‍ശനത്തിനും തുടക്കമാകും. ജില്ല അഗ്രിഹോര്‍ട്ടി കള്‍ചറല്‍ സൊസൈറ്റി, കൃഷിവകുപ്പ്, എസ്.ഡി കോളജ് ബോട്ടണി വിഭാഗം, ദേശീയ കാര്‍ഷിക വികസന ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് അഗ്രക്സ്-2016 എന്ന പേരിലുള്ള അഗ്രി ഹോര്‍ട്ടികള്‍ചറല്‍ എക്സിബിഷന്‍. മണ്ണിന്‍െറയും കൃഷിയുടെയും ആരോഗ്യപരമായ സംരക്ഷണവും ജൈവവൈവിധ്യ കാഴ്ചകളും ഉള്‍പ്പെടുത്തിയുള്ള നൂറില്‍ പരം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കയര്‍ പ്രോജക്ട്, ജില്ല വ്യവസായകേന്ദ്രം, ക്ഷീരവികസന വകുപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ഹോര്‍ട്ടി കോര്‍പ്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പൊന്നിട്ടശേരി ഫാര്‍മേഴ്സ് ക്ളബ് തുടങ്ങിയവയുടെ പ്രാതിനിധ്യവുമുണ്ട്. അദ്ഭുതവിളകളുടെയും അലങ്കാരപുഷ്പങ്ങളുടെയും വന്‍ശേഖരമുണ്ടാകും. വൈജ്ഞാനിക സെമിനാറുകളില്‍ വിദഗ്ധര്‍ പങ്കെടുക്കും. സംവാദസദസ്സുകളും ഉണ്ടാകും. എല്ലാദിവസവും വൈകുന്നേരം കലാപ്രതിഭ സംഗമം നടക്കും. 23ന് വൈകുന്നേരം ആറിന് ഉത്സവമേളം, 24ന് വൈകുന്നേരം ആലപ്പുഴ നാട്യകലാകേന്ദ്രത്തിന്‍െറ നൂപുരധ്വനി, 25ന് പന്ത്രണ്ട് ചലച്ചിത്ര പിന്നണി ഗായകര്‍ പങ്കെടുക്കുന്ന കാവാലം സ്മൃതിസന്ധ്യ, 26ന് സംഗീതജ്ഞന്‍ അശ്വിന്‍ ബോഗേന്ദ്രയും നര്‍ത്തകി ദിവ്യ വേണുഗോപാലും ഒരുക്കുന്ന നൃത്തകച്ചേരി, 27ന് നാടന്‍ ചിലമ്പൊലി എന്നിവ പ്രധാന പരിപാടികളാണ്. പ്രദര്‍ശന നഗരിയില്‍ രുചിയേറിയ ഭക്ഷണം നല്‍കുന്നതിന് ഫുഡ് കോര്‍ട്ടുമുണ്ടാകും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് മന്ത്രി ജി. സുധാകരന്‍ മേള ഉദ്ഘാടനം ചെയ്യും. പവിലിയന്‍െറ പ്രവേശനോദ്ഘാടനം കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. ജില്ലയിലെ മികച്ച കര്‍ഷകനുള്ള കര്‍ഷകശ്രേഷ്ഠ പുരസ്കാരം 26ന് വൈകുന്നേരം നാലിന് മന്ത്രി പി. തിലോത്തമന്‍ സമ്മാനിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ രവി പാലത്തുങ്കല്‍, സാങ്കേതിക കമ്മിറ്റി ചെയര്‍മാന്‍ പി. വെങ്കിട്ടരാമ അയ്യര്‍, കണ്‍വീനര്‍മാരായ വര്‍ഗീസ് കുരിശിങ്കല്‍, പ്രഫ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.