മദ്യപിക്കാൻ സോഡയും ഗ്ലാസും നൽകിയില്ല; വ്യാപാരിയുടെയും ഭാര്യയുടെയും കൈ തല്ലിയൊടിച്ചു

ചെങ്ങന്നൂർ: മദ്യപിക്കാൻ സോഡയും ഗ്ലാസും നൽകാത്തതിന് വ്യാപാരിയുടെയും ഭാര്യയുടെയും കൈ തല്ലിയൊടിച്ചതായി പരാതി. ചെറിയനാട് പടിഞ്ഞാറ്റുംമുറി വിശ്വസാഗരത്തിൽ വിശ്വനാഥൻ(58), ഭാര്യ രമ(52) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെറിയനാട് പടനിലം ജങ്ഷനു സമീപം റെയിൽവേ ക്രോസിന് പടിഞ്ഞാറ് അർജുൻ സ്​റ്റോഴ്സ്​ ഉടമയാണ് വിശ്വനാഥൻ. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെ ചെറിയനാട് പടിഞ്ഞാറ്റുമുറി അമ്മിനേത്ത് കുറ്റിയിൽ രാജൻ (48) മദ്യപിക്കാനായി സോഡയും ഗ്ലാസും ആവശ്യപ്പെട്ട് കടയിലെത്തി. നൽകാത്തതിനെ തുടർന്ന് വിശ്വനാഥനുമായി വാക്കേറ്റം ഉണ്ടാവുകയും മർദിക്കുകയും ചെയ്തു. തടയാനെത്തിയ രമക്കും മർദനമേറ്റു. കമ്പിവടി കൊണ്ടുള്ള മർദനത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. രമയുടെ ഇരുകൈകളും ഒടിഞ്ഞു. വിശ്വനാഥെൻറ ഇടത് തോളെല്ല് വേർപെട്ടു. സംഭവമറിഞ്ഞ് ആളുകൾ ഓടിക്കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മറ്റ് വ്യാപാരികൾ ഇരുവരെയും ചെങ്ങന്നൂർ ജില്ല ആശുപത്രിയിലും തുടർന്ന് മാവേലിക്കര ജില്ല ആശുപത്രിയിലും എത്തിച്ചു. രാജൻ സ്​ഥിരമായി കടകളിലെത്തി ശല്യം ചെയ്യാറുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ്​ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ചെറിയനാട് പഞ്ചായത്തിൽ ഉച്ചക്ക് രണ്ടു മുതൽ വൈകീട്ട് അഞ്ചുവരെ കടകളടച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗം വ്യാപാരി വ്യവസായി സമിതി സംസ്​ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.