മന്ത്രിയുടെ വാഗ്ദാനം തള്ളി; കലക്ടറേറ്റ് കവാടത്തില്‍ ആദിവാസി സമരം തുടരും

കാക്കനാട്: മന്ത്രിയുടെ വാഗ്ദാനം തള്ളി ആദിവാസികള്‍ കലക്ടറേറ്റ് കവാടത്തില്‍ ഭൂസമരം തുടരുന്നു. കഴിഞ്ഞദിവസം കാക്കനാട് മുനിസിപ്പല്‍ പരിപാടിക്കത്തെിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍ പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ ഉറപ്പ് നല്‍കാത്തതിനത്തെുടര്‍ന്ന് സമരം തുടരാന്‍ ആദി ദ്രാവിഡ സാംസ്കാരികസഭ തീരുമാനിക്കുകയായിരുന്നു. 104 കുടുംബങ്ങള്‍ക്ക് ഒന്നിച്ച് പട്ടയം നല്‍കാമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം. എന്നാല്‍, നേര്യമംഗലത്ത് കുടില്‍ കെട്ടി കഴിയുന്ന അര്‍ഹരായ 57 ആദിവാസി കുടുംബങ്ങള്‍ക്ക് നിലവില്‍ വാസയോഗ്യമായ സ്ഥലമുള്ളപ്പോള്‍തന്നെ വീണ്ടും സ്ഥലം ഏറ്റെടുത്ത് വിതരണം നടത്താനുള്ള മന്ത്രിയുടെ നിര്‍ദേശം നടപടികള്‍ വൈകാന്‍ ഇടയാക്കുമെന്ന് സാംസ്കാരികസഭ മധ്യമേഖല സെക്രട്ടറി കെ. സോമന്‍ വ്യക്തമാക്കി. പത്തുപേര്‍ക്ക് സമരപ്പന്തലില്‍ പട്ടയം നല്‍കണം എന്ന ആവശ്യവും മന്ത്രി അംഗീകരിച്ചില്ല. പത്ത് കുടുംബങ്ങള്‍ക്ക് സമരപ്പന്തലിലും ബാക്കിയുള്ള 57 കുടുംബങ്ങള്‍ക്ക് രണ്ടുമാസത്തിനകം പട്ടയം നല്‍കുമെന്ന് രേഖാമൂലം ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കുമെന്നാണ് സമരസമിതിയുടെ തീരുമാനം. ഊരുകൂട്ടം തെരഞ്ഞെടുത്തശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനില്‍ അധ്യക്ഷയായ ജനകീയ സമിതി അംഗീകരിച്ച കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, 42 പേര്‍ക്ക് ഭൂമി നിശ്ചയിച്ചെങ്കിലും പട്ടയം കിട്ടിയില്ല. കുന്നത്തുനാട്, പറവൂര്‍, കോതമംഗലം താലൂക്കുകളിലെ കുടുംബങ്ങള്‍ക്കായിരുന്നു നേര്യമംഗലം കൃഷിത്തോട്ടത്തിന് സമീപം 70 പ്ളോട്ടുകള്‍ നിശ്ചയിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചത്. ഇവിടെ ഏഴ് ഏക്കറില്‍ 42 കുടുംബങ്ങള്‍ക്ക് നേരത്തേ സര്‍ക്കാര്‍ പട്ടയം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, 28 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയില്ല. മുന്‍ഗണനക്രമം നിശ്ചയിച്ച് വികലാംഗര്‍, വിധവകള്‍ എന്നീ ക്രമത്തിലാണ് പട്ടയം നല്‍കിയത്. ഇതിനിടെ, മൂവാറ്റുപുഴ ട്രൈബല്‍ ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 104 കുടുംബങ്ങള്‍കൂടി പട്ടയത്തിന് അര്‍ഹതയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയതാണ് മറ്റുകുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള തീരുമാനത്തിന് തടസ്സമായതെന്ന് സമരസമതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ, ആലുവ, കൊച്ചി, കണയന്നൂര്‍ താലൂക്കുകളിലെ ഭൂരഹിത കുടുംബങ്ങളെകൂടി ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് നല്‍കിയത്. ട്രൈബല്‍ ഓഫിസര്‍ ഓഫിസറുടെ ലിസ്റ്റിലുള്ളവരില്‍ പലരും നേരത്തേ സ്ഥലം അനുവദിച്ചത് വാസയോഗ്യമല്ലാത്തതുകൊണ്ട് ഉപേക്ഷിച്ചവരാണ്. നിലവില്‍ ലിസ്റ്റില്‍ ഇടം നേടിയവര്‍ക്ക് പട്ടയം നല്‍കാതെ വീണ്ടും ഭൂമിയേറ്റെടുക്കാനുള്ള നടപടി ഫലത്തില്‍ അര്‍ഹരായ കുടുംബങ്ങളുടെ പട്ടയപ്രശ്നം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്നും നേതാക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.