ഹരിത കേരളം പദ്ധതി ഉദ്യോഗസ്ഥരില്ലാതെ കൊച്ചി നഗരസഭ വലയുന്നു

കൊച്ചി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നാടുനീളെ ശുചീകരണ പരിപാടിയുമായി മുന്നോട്ടുപോകുമ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ കൊച്ചി നഗരസഭയില്‍ മതിയായ ഉദ്യോഗസ്ഥരില്ല. നഗരസഭയില്‍ 11 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 22 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും സ്ഥലം മാറിപ്പോയി. അവര്‍ക്ക് പകരം ഇതുവരെ നിയമനം നടന്നിട്ടില്ല. 21 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും 49 ജെ.എച്ച്.ഐമാരുമാണ് ആകെ വേണ്ടത്. ഇവര്‍ക്ക് പകരം ആളില്ലാതായിട്ട് ഒന്നരമാസമായി. 74 ഡിവിഷനുകളിലും ഹരിതകേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെയാണ് നടത്തേണ്ടത്. പൊതുകുളങ്ങള്‍, കിണറുകള്‍ എന്നിവ വൃത്തിയാക്കലും ഇതുപോലെ തന്നെ. പക്ഷേ, ഇതിന് നേതൃത്വം കൊടുക്കേണ്ടത് നഗരസഭയാണ്. അതിനാണ് ഉദ്യോഗസ്ഥര്‍ ആവശ്യത്തിനില്ലാത്തത്. മരണം, വിവിധ ലൈസന്‍സുകള്‍, പൊതുജന പരാതികള്‍ എന്നിവയുടെ ഫീല്‍ഡ് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടത് ജെ.എച്ച്.ഐമാരാണ്. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകണമെങ്കില്‍ അത് പരിശോധിച്ച് എച്ച്.ഐമാര്‍ ഒപ്പുവെക്കണം. ആള്‍ക്ഷാമം മൂലം ജെ.എച്ച്.ഐമാര്‍ക്ക് എച്ച്.ഐമാരുടെ ചുമതല നല്‍കിയിരിക്കുകയാണ്. അതോടെ റിപ്പോര്‍ട്ട് തയാറാക്കലും അത് നടപടിക്കായി അഗീകാരം നല്‍കലും ഇവര്‍ തന്നെ. റിപ്പോര്‍ട്ടുകളുടെ പുന$പരിശോധന നടക്കുന്നില്ല. ഒരു സര്‍ക്കിളിന് ഒരു ജെ.എച്ച്.ഐ എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. ആറ് ഡിവിഷനുകള്‍ ചേര്‍ന്നതാണ് ഒരു സര്‍ക്കിള്‍. ഇത്രയും വലിയ മേഖല ഒരു ജെ.എച്ച്.ഐയുടെ ചുമലില്‍ വരുന്നതുമൂലം സ്വാഭാവികമായും പ്രവര്‍ത്തനങ്ങള്‍ വൈകും. ഇതോടൊപ്പം മാലിന്യ ലോറികളുടെ മേല്‍നോട്ടവും ഇവര്‍ വഹിക്കണം. ഇതിനിടെയാണ് ഹരിത കേരളം പദ്ധതിയും കടന്നുവന്നത്. സര്‍ക്കിളുകളില്‍ അതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ട ജോലിയും ജെ.എച്ച്.ഐമാര്‍ക്കുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ഡിവിഷനും സര്‍ക്കാര്‍ 5000 രൂപയും നഗരസഭ തനതു ഫണ്ടില്‍നിന്ന് 45,000 രൂപയും നല്‍കുന്നുണ്ട്. ഇത് കൗണ്‍സിലര്‍മാര്‍ക്ക് ലഭിക്കണമെങ്കില്‍ എച്ച്.ഐമാര്‍ ഒപ്പിടണം. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ്. ഹരിതകേരളം പദ്ധതിക്ക് കേരളം കൊട്ടിഗ്ഘോഷിക്കുമ്പോഴാണ് ഈ അവസ്ഥ. എച്ച്.ഐമാരുടെയും ജെ.എച്ച്.ഐമാരുടെയും കുറവ് ഉടന്‍ നികത്തുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ നടപടികള്‍ക്ക് വേഗത ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ 22 ജെ.എച്ച്.ഐമാരെ എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍നിന്ന് താല്‍ക്കാലികമായി നിയമിക്കാന്‍ ശ്രമിക്കുകയാണ് നഗരസഭ. അടുത്തമാസം ഇവരുടെ ഇന്‍റര്‍വ്യൂ നടത്താനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.