കായംകുളത്ത് മള്‍ട്ടിപ്ളക്സ് നിര്‍മാണത്തിന് അനുമതി

കായംകുളം: സിനിമ തിയറ്ററില്ലാത്ത കായംകുളത്ത് കാഴ്ചയുടെ മള്‍ട്ടിപ്ളക്സ് അനുഭവത്തിന് സാധ്യതയേറി. തിയറ്റര്‍ നിര്‍മാണത്തിന് കെ.എസ്.എഫ്.ഡി.സിയുമായി അന്തിമ ധാരണാപത്രം ഒപ്പിടുന്നതിനുള്ള അനുമതി കൗണ്‍സില്‍ നല്‍കിയതോടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് പടിഞ്ഞാറു ഭാഗത്തെ നഗരസഭ സ്ഥലത്താണ് തിയറ്റര്‍ കോംപ്ളക്സ് വരുന്നത്. 2012ലാണ് കായംകുളത്തിന് മള്‍ട്ടിപ്ളക്സ് തിയറ്ററിന് അനുമതിയായത്. സാങ്കേതികകുരുക്കുകള്‍ സ്ഥലം കൈമാറുന്നതിന് തടസ്സമാവുകയായിരുന്നു. ഏഴു കോടി രൂപ ചെലവിലാണ് തിയറ്ററും ഷോപ്പിങ് കോംപ്ളക്സും നിര്‍മിക്കുന്നത്. ബോട്ടുജെട്ടി റോഡിനോട് ചേര്‍ന്ന് 82 സെന്‍റ് സ്ഥലം 30 വര്‍ഷത്തേക്ക് കെ.എസ്.എഫ്.ഡി.സി.ക്ക് വിട്ടുനല്‍കും. പാട്ടത്തുകയായി ഓരോ വര്‍ഷവും എട്ടു ലക്ഷം രൂപ വീതം നഗരസഭക്ക് കെ.എസ്.എഫ്.ഡി.സി നല്‍കും. മൂന്നു വര്‍ഷം കൂടുമ്പോള്‍ 10 ശതമാനം വര്‍ധനയുണ്ടാകും. ഷോപ്പിങ് കോംപ്ളക്സില്‍നിന്ന് ലഭിക്കുന്ന വാടകയുടെ 30 ശതമാനം തുകയും കൈമാറും. ഷോപ്പിങ് കോംപ്ളക്സിലെ പരസ്യവരുമാനത്തിലും ഇതേ മാനദണ്ഡം പാലിക്കും. ദേശീയപാത നാലുവരിയാക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പദ്ധതിക്ക് തടസ്സമാകുമോയെന്ന സംശയം പ്രതിപക്ഷം ഉയര്‍ത്തി. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റിയില്‍ നിന്ന് ഉറപ്പുവാങ്ങണമെന്നും നിര്‍ദേശിച്ചു. അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങുമെന്ന് ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.