ട്രഷറികളില്‍ ദുരിതകാണ്ഡം രണ്ടാം ദിനം

ആലപ്പുഴ: പെന്‍ഷനും ശമ്പളവും കിട്ടാത്ത രണ്ടാംദിനം പിന്നിട്ടപ്പോള്‍ ട്രഷറികളില്‍ ജനം ക്ളേശപൂര്‍ണമായ അവസ്ഥയാണ് അനുഭവിച്ചത്. ആലപ്പുഴ, ചെങ്ങന്നൂര്‍ ട്രഷറികള്‍ക്ക് കീഴിലെ സബ്ട്രഷറികളില്‍ വെള്ളിയാഴ്ചയും ആയിരങ്ങളാണ് പണം കിട്ടാതെ മടങ്ങിയത്. ബാങ്കുകള്‍ ആവശ്യപ്പെട്ട പണത്തിന്‍െറ പകുതിയോളം മാത്രമേ പലയിടത്തും കിട്ടിയുള്ളു. രാവിലെ മുതല്‍ എല്ലാ സബ്ട്രഷറികളിലും ജില്ല ട്രഷറികളിലും നീണ്ട നിരയായിരുന്നു. പലയിടത്തും 11നുശേഷമാണ് പണം എത്തിയത്. ചില ട്രഷറികളില്‍ എത്തിയത് ഉച്ചക്കുശേഷവും. വയോജനങ്ങള്‍ ഉച്ചവരെ കാത്തു നിന്ന് വലഞ്ഞു. അവസാനം ഉച്ചയോടെ അവര്‍ തിരിച്ചുപോയി. 500 രൂപയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്താത്തതും പ്രശ്നത്തിന് ആക്കംകൂട്ടി. സിവില്‍ സ്റ്റേഷനിലെ ട്രഷറിയില്‍ വെള്ളിയാഴ്ച 6.95 കോടി രൂപയാണ് ബാങ്കുകളോട് ആവശ്യപ്പെട്ടത്. എന്നാല്‍, 4.66 കോടിയാണ് കിട്ടിയത്. ട്രഷറി ജീവനകാര്‍ക്കുള്ള ശമ്പള ഇനത്തില്‍ 40 ലക്ഷം മാത്രമേ ലഭിച്ചിട്ടുള്ളു. പണം ലഭിക്കാത്തതിനെ തുടര്‍ന്ന് കുത്തിയതോട് ട്രഷറിയുടെ പ്രവര്‍ത്തനം ഭാഗികമായി മുടങ്ങി. പിന്നീട് ജില്ല ട്രഷറി ഇടപെട്ട് 25 ലക്ഷം അടിയന്തരമായി എത്തിച്ച് വിതരണം നടത്തി. പെന്‍ഷന്‍ ട്രഷറിയില്‍ 1.50 കോടിയാണ് ആവശ്യമുണ്ടായിരുന്നത്. ഇതില്‍ 70 ലക്ഷം മാത്രമാണ് ലഭിച്ചത്. മങ്കൊമ്പ് സബ്ട്രഷറി ആവശ്യപ്പെട്ടിരുന്ന 90 ലക്ഷത്തില്‍ 60 ലക്ഷം മാത്രമാണ് ലഭിച്ചത്. ചേര്‍ത്തല സബ്ട്രഷറിയില്‍ ആവശ്യപ്പെട്ട ഒരുകോടിയും വിതരണം ചെയ്യാന്‍ ബാങ്കുകള്‍ക്ക് സാധിച്ചു. പൂച്ചാക്കല്‍ സബ് ട്രഷറിയില്‍ 30 ലക്ഷമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ 26.30 ലക്ഷം വിതരണം ചെയ്തു. സബ്ട്രഷറികളായ ആലപ്പുഴ, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ആവശ്യപ്പെട്ട മുഴുവനും പണം എത്തിയിരുന്നു. രാവിലെ എത്തിയ പണം പലയിടങ്ങളിലും ഉച്ചയോടെ കാലിയായി. തിരക്ക് പരിഗണിച്ച് ട്രഷറികളിലെ കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൗണ്ടര്‍ പേമെന്‍റ് വഴി വിതരണം ചെയ്തത് പത്തുകോടി വരുമെന്ന് ജില്ല ട്രഷറി ഓഫിസര്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് വ്യക്തമാക്കി. കൗണ്ടര്‍ പേമെന്‍റ് കൂടാതെ ഇലക്ട്രോണിക് ബില്ലുകള്‍ കൈമാറ്റം ചെയ്യുന്നതുവഴി പണം സ്വീകരിക്കുന്നതിനുള്ള അവസരം ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിലും തിരക്ക് വര്‍ധിച്ചതോടെ സെര്‍വര്‍ ഡൗണായി. ഇത് ഇരട്ടി പ്രഹരമായി. ഹരിപ്പാട് സബ്ട്രഷറിയില്‍ രാവിലെ മുതല്‍ തിരക്കായിരുന്നു. പെന്‍ഷന്‍, ശമ്പളം ഇനത്തില്‍ 263 പേര്‍ക്ക് ടോക്കണ്‍ കൊടുത്തു. 48,43,000 രൂപയാണ് വിതരണം ചെയ്തത്. 80 ലക്ഷം ചോദിച്ചെങ്കിലും 50 ലക്ഷം മാത്രമാണ് ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.