ചര്‍ച്ച അലസി; കോമളപുരം സ്പിന്നിങ് മില്ലില്‍ പ്രതിസന്ധി മൂര്‍ഛിക്കുന്നു

ആലപ്പുഴ: സാമ്പത്തികസഹായം ഇല്ലാതായതോടെ രൂപമെടുത്ത പ്രതിസന്ധി കോമളപുരം സ്പിന്നിങ് മില്ലില്‍ മൂര്‍ഛിക്കുന്നു. തൊഴില്‍ നിഷേധിക്കുകയും സ്ഥാപനം പൂട്ടുകയും ചെയ്തതോടെ തൊഴിലാളികള്‍ സ്പിന്നിങ് മില്ലിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി. തുച്ഛവേതനം സ്വീകരിച്ച് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തൊഴില്‍ നിഷേധിച്ചതോടെ ട്രേഡ് യൂനിയനുകള്‍ വീണ്ടും സമരമുഖത്താണ്. വെള്ളിയാഴ്ച ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച അലസിയതോടെ ഇനി പ്രതീക്ഷയുള്ളത് 15ന് കൊല്ലത്ത് നടക്കുന്ന ജോയന്‍റ് ലേബര്‍ കമീഷണര്‍ മുമ്പാകെയുള്ള ചര്‍ച്ചയാണ്. ലേബര്‍ ഓഫിസറുമായി നടന്ന ചര്‍ച്ചയില്‍ വിവിധ ട്രേഡ് യൂനിയനുകളുടെ പ്രതിനിധാനംചെയ്ത് ഡി.പി. മധു, ടി.ആര്‍. ആനന്ദന്‍, തമ്പി, സബ്ജു, പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ല ലേബര്‍ ഓഫിസര്‍ മാനേജ്മെന്‍റ് പ്രതിനിധികളെയും ട്രേഡ് യൂനിയന്‍ പ്രതിനിധികളെയും വിളിച്ച് മില്ലില്‍ സംജാതമായ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയാത്തതിന്‍െറ കാരണങ്ങളാണ് ജനറല്‍ മാനേജര്‍ ഹോബി ചൂണ്ടിക്കാട്ടിയത്. എണ്ണൂറോളം ബാഗ് നൂല്‍ മില്ലില്‍ സ്റ്റോക്കുണ്ട്. അത് വാങ്ങുന്ന സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കവും മറ്റും ഉള്ളതിനാല്‍ ഡിമാന്‍ഡ് കുറവാണെന്നും നഷ്ടത്തിന് വില്‍ക്കാന്‍ കഴിയില്ളെന്നുമാണ് വാദിച്ചത്. 12 ലക്ഷം രൂപയോളം വൈദ്യുതി നിരക്ക് ഇനത്തില്‍ അടക്കാനുണ്ട്. അതുകൊണ്ടാണ് തൊഴിലാളികള്‍ക്ക് പണി നല്‍കാന്‍ കഴിയാത്തത്. എന്നാല്‍, സ്ഥാപനം ലേഓഫ് ചെയ്യാന്‍ മാനേജ്മെന്‍റായ ടെക്സ്റ്റൈല്‍ കോര്‍പറേഷന്‍ ഒരുക്കമല്ല. മില്ലില്‍ കൂട്ടിയിട്ടിരിക്കുന്ന നൂല്‍ യഥാസമയം വിറ്റഴിച്ചില്ളെങ്കില്‍ ഗുണമേന്മ നഷ്ടപ്പെടുമെന്ന് തൊഴിലാളി യൂനിയനുകള്‍ പറഞ്ഞു. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന മില്‍ വി.എസ് സര്‍ക്കാറിന്‍െറ കാലത്ത് 40 കോടിയോളം ചെലവഴിച്ച് പുനരുദ്ധരിച്ചു. എന്നാല്‍, ആ സര്‍ക്കാറിന്‍െറ അവസാനകാലത്ത് ഉദ്ഘാടനം ചെയ്ത മില്‍ വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിന്‍െറ പേരില്‍ വീണ്ടും പ്രവര്‍ത്തനം അനിശ്ചിതമായി തടസ്സപ്പെട്ടു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ അവസാനകാലത്താണ് വൈദ്യുതി കണക്ഷന്‍ എത്തിയതും തൊഴിലാളികളുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചതും. ഇപ്പോള്‍ സാമ്പത്തികസഹായം ഇല്ലായ്മയും ഉല്‍പന്നങ്ങളുടെ വില്‍പന നടക്കാത്തതും ചൂണ്ടിക്കാട്ടിയാണ് വീണ്ടുമൊരു പൂട്ടലിലേക്ക് നീങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.