ട്രഷറികളില്‍ പ്രതിഷേധം; പണം കിട്ടാതെ മടങ്ങിയത് ആയിരങ്ങള്‍

ആലപ്പുഴ: കറന്‍സി അസാധുവാക്കിയതിന് ശേഷം പെന്‍ഷനും ശമ്പളവും വാങ്ങാന്‍ എത്തിയവര്‍ അനുഭവിച്ചത് ദുരിതങ്ങളുടെ മണിക്കൂറുകള്‍. അവസാനം പണം കിട്ടാതെ ക്യൂവില്‍നിന്ന് തളര്‍ന്ന് അവര്‍ വീടുകളിലേക്ക് മടങ്ങി. ആലപ്പുഴ ജില്ലയിലെ മിക്ക ട്രഷറികള്‍ക്ക് മുന്നിലും വ്യാഴാഴ്ച രാവിലെ മുതല്‍ തടിച്ചുകൂടിയ ജനക്കൂട്ടം കറന്‍സി പരിഷ്കരണത്തിന്‍െറ പേരിലുള്ള ദുരിതങ്ങളുടെ തിക്തഫലം അനുഭവിക്കുകയായിരുന്നു. ട്രഷറികളില്‍ ആവശ്യത്തിന് പണം എത്താതിരുന്നതും പിന്നീട് എത്തിയത് വൈകിയതും പ്രതിസന്ധി മൂര്‍ഛിപ്പിച്ചു. ഉന്തിലും തള്ളിലുംപെട്ട് പലയിടത്തും സ്ത്രീകള്‍ അവശരായി വീണു. ബാങ്കുകളില്‍നിന്ന് രാവിലെതന്നെ പണം എത്തുമെന്ന് കരുതിയാണ് ഉദ്യോഗസ്ഥര്‍ കാത്തിരുന്നത്. എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും ശാഖകളില്‍നിന്ന് പണം ഇപ്പോള്‍ എത്തുമെന്ന് പറഞ്ഞ് അവര്‍ പണം വാങ്ങാന്‍ എത്തിയവരെ സാന്ത്വനപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍, ഉച്ചയായിട്ടും ഫലം കാണാതെ വന്നപ്പോള്‍ പലയിടത്തും ബഹളമായി. ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ട്രഷറിയില്‍ ഭേദപ്പെട്ട തിരക്കാണ് രാവിലെ മുതല്‍ ഉണ്ടായിരുന്നത്. ജില്ല ട്രഷറിയില്‍ ശമ്പളത്തിനും പെന്‍ഷനുമായി ആകെ 7.30 കോടി രൂപയാണ് വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 4.17 കോടി രൂപ മാത്രമേ വ്യാഴാഴ്ച വിതരണം ചെയ്യാന്‍ സാധിച്ചതെന്ന് ജില്ല ട്രഷറി ഓഫിസര്‍ അബ്ദുല്‍ ഖാദര്‍ കുഞ്ഞ് പറഞ്ഞു. പ്രധാനമായും എസ്.ബി.ഐ, എസ്.ബി.ടി എന്നീ ബാങ്കുകളില്‍നിന്നാണ് വിതരണത്തിനുള്ള പണം ട്രഷറിയില്‍ എത്തുന്നത്. ട്രഷറികളിലെ ജീവനകാര്‍ക്ക് ശമ്പളം നല്‍കാതെയാണ് ഈ തുക വിതരണം ചെയ്തത്. നിലവില്‍ എസ്.ബി.ഐയില്‍നിന്ന് വരുന്ന പണമാണ് നിലച്ചത്. പൂച്ചാക്കല്‍, അമ്പലപ്പുഴ എന്നീ സബ് ട്രഷറികളില്‍ 50 ലക്ഷം രൂപയാണ് വിതരണത്തിന് ആവശ്യപ്പെട്ടത്. ഈ തുക മുഴുവനും കൃത്യസമയത്ത് അവിടെ വിതരണം പൂര്‍ത്തിയാക്കി. അതേസമയം, ആവശ്യത്തിനുള്ള പണം ഒന്നിച്ച് ബാങ്കുകളില്‍നിന്ന് എത്താത്ത സ്ഥലങ്ങളില്‍ പ്രശ്നം രൂക്ഷമായി. ശമ്പളത്തിനും പെന്‍ഷനുമായി എസ്.ബി.ഐയുടെ സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ മൂന്നുകോടി രൂപ എത്തിയാലേ ആലപ്പുഴ സബ് ട്രഷറിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകൂ. അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല ട്രഷറിക്ക് മുന്നില്‍ ധര്‍ണയും പ്രകടനവും നടത്തി. പ്രസിഡന്‍റ് അഭയകുമാര്‍, വൈസ് പ്രസിഡന്‍റ് കെ. ചന്ദ്രകുമാര്‍, ബ്രാഞ്ച് പ്രസിഡന്‍റ് സെലസ്റ്റിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബാങ്കുകളിലും ട്രഷറികളിലും ഉണ്ടായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വ്യാഴാഴ്ച പൊലീസ് സുരക്ഷിതത്വം ശക്തമാക്കിയിരുന്നു. ഹരിപ്പാട് സബ് ട്രഷറിയില്‍ ഉന്തും തള്ളും ബഹളങ്ങളും ഏറെസമയം നീണ്ടു. പൊലീസത്തെിയാണ് നിയന്ത്രണ വിധേയമാക്കിയത്. അമ്പലപ്പുഴ സബ് ട്രഷറിയില്‍ കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതെ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വൈകുന്നേരം അഞ്ചോടെ മുന്നൂറില്‍പരം പേര്‍ക്ക് പെന്‍ഷന്‍ നല്‍കി. ചേര്‍ത്തല: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ചേര്‍ത്തലയില്‍ സമാധാനപരം. എന്നാല്‍, രണ്ടര കോടി രൂപയാണ് ശമ്പളം, പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്നതെങ്കിലും ചേര്‍ത്തല ട്രഷറിയില്‍ എത്തിയത് രണ്ടുകോടി രൂപ. ഇതില്‍ 60 ലക്ഷം രൂപ മാത്രമാണ് പുതിയ 2000 രൂപയുടെ നോട്ടുകളായി ലഭിച്ചത്. ബാക്കിയുള്ളവ പഴയ ചെറിയ നോട്ടുകളും. ഇത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടായി. 202 സര്‍ക്കാര്‍ ഓഫിസുകള്‍ക്കാണ് ചേര്‍ത്തല സബ്ട്രഷററിയില്‍നിന്ന് ശമ്പളം നല്‍കേണ്ടത്. കൂടാതെ, ആറായിരത്തോളം പേരാണ് ഇവിടെനിന്ന് പെന്‍ഷന്‍ വാങ്ങുന്നത്. വൈകുന്നേരം ആറുവരെ ട്രഷറി പ്രവര്‍ത്തിപ്പിച്ചാണ് ലഭിച്ച തുക സമാധാനപരമായി വിതരണം ചെയ്തത്. സഹകരണ ബാങ്കുകള്‍ പലതും ജീവനക്കാര്‍ക്ക് ശമ്പളം അതത് ബാങ്കുകളില്‍നിന്നുതന്നെ നല്‍കുകയുണ്ടായി. കാര്‍ഡ് ബാങ്ക്, കയര്‍ സൊസൈറ്റികള്‍ തുടങ്ങിയവ ജീവനക്കാര്‍ക്ക് ശമ്പളത്തിനുള്ള ചെക്കുകള്‍ ഷെഡ്യൂള്‍ഡ് ബാങ്കുകളിലേക്ക് നല്‍കുകയാണ് ചെയ്തത്. പൂച്ചാക്കല്‍ സബ്ട്രഷറിയില്‍ കറന്‍സിയുടെ ദൗര്‍ലഭ്യം ഉണ്ടായെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ളെന്ന് അധികൃതര്‍ പറഞ്ഞു. കുത്തിയതോട് ട്രഷറിയില്‍ പെന്‍ഷന്‍ വിതരണം അവതാളത്തിലായി. കുത്തിയതോട് എസ്.ബി.ഐയില്‍നിന്നാണ് പെന്‍ഷന്‍ വിതരണത്തിന് തുക ട്രഷറിയില്‍ ലഭിക്കുന്നത്. എല്ലാമാസവും ഒന്നാം തീയതി പെന്‍ഷന്‍ വിതരണത്തിന് 60 ലക്ഷവും രണ്ടാം തീയതി 45 ലക്ഷവും വേണം. ഒന്നാം തീയതിയായ വ്യാഴാഴ്ച എസ്.ബി.ഐയില്‍നിന്ന് ലഭിച്ചത് അഞ്ചുലക്ഷം മാത്രമാണ്. പണത്തിന് മുന്നൂറോളം ചെക്കുകളുമുണ്ടായിരുന്നു. 29 ചെക്കുകള്‍ക്ക് മാത്രമേ പണം കൊടുക്കാനായുള്ളു. വെള്ളിയാഴ്ചയും പെന്‍ഷന്‍ വിതരണം അവതാളത്തിലാകും. ട്രഷറി അധികൃതര്‍ പണത്തിന് ബാങ്കില്‍ എത്തിയെങ്കിലും പണമില്ളെന്നും ആലപ്പുഴയില്‍ പോയി എടുക്കണമെന്ന മറുപടിയാണ് ലഭിച്ചിരിക്കുന്നത്. പണമെടുത്ത് വരുമ്പോള്‍ ഉച്ചയാകും. വ്യാഴാഴ്ച പെന്‍ഷന് എത്തി മടങ്ങിയവരും വെള്ളിയാഴ്ച എത്തുന്നവരും കൂടിയാകുമ്പോള്‍ ട്രഷറിയില്‍ ഏറെ തിരക്കിനും ബഹളത്തിനും കാരണമാകും. ബാങ്കില്‍നിന്ന് ആവശ്യത്തിന് പണം ലഭിച്ചാല്‍ മാത്രമെ ട്രഷറി ജീവനക്കാര്‍ ഏറെ ജോലി ചെയ്താലും പെന്‍ഷന്‍കാരെ സന്തോഷത്തോടെ മടക്കി അയക്കാന്‍ കഴിയൂവെന്ന് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.