കൊട്ടക്കാരന്‍ ഉണ്ണിയുടെ തൊഴിലിടം ഇന്നും തെരുവ്

അരൂര്‍: ഒരു പുരുഷായുസ്സ് മുഴുവന്‍ ഈറ്റയില്‍ വേലചെയ്ത കൊട്ടക്കാരന്‍ ഉണ്ണി തൊഴിലിടം തേടുന്നത് തെരുവില്‍. തിരുവനന്തപുരം കഴക്കൂട്ടമാണ് സ്വദേശം. യഥാര്‍ഥ പേര് കുഞ്ഞപ്പി. വയസ്സ് 63. 13 വയസ്സുള്ളപ്പോള്‍ മുതല്‍ കുട്ടയും വിരിയും മറ്റും നെയ്തുതുടങ്ങി. 10 വരെ പഠിച്ചു. ’80കളില്‍ ചന്തിരൂരില്‍ എത്തി. ചെമ്മീന്‍ വ്യവസായത്തിന്‍െറ സുവര്‍ണകാലം. കൂണുകള്‍ പോലെ ചെമ്മീന്‍ ഷെഡുകള്‍ അരൂര്‍ മേഖലയില്‍ മുളച്ചുപൊന്തുന്ന കാലം. ചെമ്മീന്‍ തൂക്കാനും നിറക്കാനും മാറ്റാനും എല്ലാം ഈറ്റക്കുട്ട വേണം. കുഞ്ഞപ്പിയുടെ ചെറുപ്പകാലം. കുറച്ചുപേരെ നാട്ടില്‍നിന്നും കൂട്ടി. കടമുറികള്‍ വാടകക്കെടുത്ത് പണി തുങ്ങി. ’84ല്‍ ഐ.ആര്‍.ഡി.പി ലോണെടുത്ത് വിപുലമാക്കി. കുട്ടകള്‍ ഉണ്ടാക്കി കൂട്ടി. കൊച്ചിയില്‍നിന്നുപോലും ആവശ്യക്കാര്‍ എത്തി. രാത്രിയും പകലും പണി. കഠിനാധ്വാനംചെയ്ത് കാശുണ്ടാക്കി. ശിഷ്യര്‍ പണി പഠിച്ച് വേറെയും കടകള്‍ തുടങ്ങി. കുഞ്ഞപ്പി കൊട്ടക്കാരന്‍ ഉണ്ണി എന്ന പേരില്‍ പ്രസിദ്ധനായി. ചന്തിരൂരില്‍നിന്നുതന്നെ കല്യാണവും കഴിച്ചു. മൂന്ന് മക്കളുടെ പിതാവുമായി. എല്ലാവരുടെയും കല്യാണവും കഴിഞ്ഞു. കുറച്ചുഭൂമി വാങ്ങിയത് മക്കള്‍ക്ക് വീതിച്ചു. ഇതിനിടെ ഈറ്റയുടെ വില്ലനായി പ്ളാസ്റ്റിക് കടന്നുവന്നു. ഏത് രൂപത്തിലും നിറത്തിലും പ്ളാസ്റ്റിക് എത്തിയതോടെ ഈറ്റ തൊഴിലാളികള്‍ പട്ടിണിയിലായി. പലരും പലവഴിക്ക് നീങ്ങി. കുഞ്ഞപ്പി മാത്രം ഈറ്റയെ കൈവിട്ടില്ല. ഉപ്പേരി കോരാനും ചോറുകോരാനും കോഴിയെ മൂടാനുമെല്ലാം ഇപ്പോഴും ഉറപ്പുള്ള നല്ല കുട്ടകള്‍ തേടി കുഞ്ഞപ്പിക്കരികില്‍ ആളുകളത്തെും. ഒരു കട വാടകക്കെടുത്ത് കച്ചവടം വിപുലപ്പെടുത്താന്‍ കുഞ്ഞപ്പിക്ക് കഴിയുന്നില്ല. വാടക 4000 മുതല്‍ 6000 വരെ കൊടുക്കണം. ഭീമമായ അഡ്വാന്‍സും നല്‍കണം. ദേശീയപാതയോരത്ത് ഒരു ചെറിയ ഷെഡ് കെട്ടി തൊഴിലിടം സ്വയം സൃഷ്ടിച്ച് കൊട്ടക്കാരന്‍ ഉണ്ണി വീണ്ടും നാട്ടുകാര്‍ക്കിടയില്‍ ഇടം തേടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.