നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ രക്ഷാബന്ധന്‍: ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് എം.എല്‍.എ; വിവാദം മുറുകുന്നു

ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പി ക്യാമ്പില്‍ ബി.ജെ.പി, മഹിളാമോര്‍ച്ച വിഭാഗങ്ങള്‍ നടത്തിയ രക്ഷാബന്ധന്‍ മഹോത്സവം വിവാദമാകുന്നു. പ്രതിരോധ വകുപ്പിന്‍െറ കീഴിലുള്ള സ്ഥാപനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടി തങ്ങളുടെ ആചാരങ്ങള്‍ക്ക് വേദിയാക്കിയതില്‍ പ്രതിഷേധം ഉയര്‍ന്നു. സൈനിക കേന്ദ്രം എന്ന നിലക്കാണ് ഐ.ടി.ബി.പി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ക്യാമ്പ് സംരക്ഷിക്കുന്ന സൈനികരുമുണ്ട്. നൂതന ആയുധങ്ങളും അവിടെ ഉണ്ടാകണം. ഇത്തരം പ്രതിരോധ സംവിധാനത്തില്‍ എങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞു എന്ന ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. മുമ്പ് ക്യാമ്പിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടര്‍ക്കൊപ്പം ക്യാമ്പില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ച തനിക്കെതിരെ കേസെടുക്കുമെന്ന് ഐ.ടി.ബി.പി ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യം ഇപ്പോഴത്തെ സാഹചര്യവുമായി ചേര്‍ത്തുകൊണ്ട് ആര്‍. രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി. ബി.ജെ.പിക്ക് വേണ്ടി ക്യാമ്പ് വിട്ടുനല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തേ മരങ്ങള്‍ മുറിച്ചുമാറ്റുന്നു എന്ന് പറഞ്ഞതിന്‍െറ പേരില്‍ തനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞവര്‍ രാഷ്ട്രീയ പാര്‍ട്ടിക്കായി ക്യാമ്പ് വിട്ടുനല്‍കിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. ഈ സുരക്ഷാ വീഴ്ച ഗൗരവമായി പരിശോധിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ തങ്ങള്‍ പൊലീസ് സ്റ്റേഷനിലും അതിക്രമിച്ച് കയറും എന്ന ബി.ജെ.പി ജില്ലാ പ്രസിഡന്‍റിന്‍െറ പ്രസ്താവന നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ വേണ്ടിയാണെന്ന് എം.എല്‍.എ ആരോപിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍െറ മൗനം ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.