പൂച്ചാക്കല്‍: ഒ.ഇ.സി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും ഓണത്തിനുമുമ്പ് ധനസഹായം ലഭിക്കില്ല. സാങ്കേതിക പ്രശ്നമാണ് തടസ്സമായി അധികൃതര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും സാങ്കേതികപ്രശ്നം പറഞ്ഞ് ധനസഹായം വൈകിപ്പിച്ചിരുന്നു. കഴിഞ്ഞവര്‍ഷമാണ് ഒ.ഇ.സിക്കാരുടെ അപേക്ഷ ഓണ്‍ലൈനാക്കിയത്. വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു ഈ നടപടി. എന്നാല്‍, പ്രഥമാധ്യാപകരുടെ അക്കൗണ്ടില്‍നിന്നായിരുന്നു കഴിഞ്ഞവര്‍ഷവും പണം വിതരണം ചെയ്തത്. ഇത്തവണയും വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ടിലേക്ക് പണം അയക്കാന്‍ സാധിക്കില്ളെന്നാണ് ലഭിക്കുന്ന വിവരം. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആധാര്‍ ഇല്ലാത്തതാണ് കാരണമായി പറയുന്നത്. ധനസഹായ സംഖ്യ ഇത്തവണ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്‍.പി വിഭാഗം ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് 250ല്‍നിന്നും 313ലേക്കും യു.പി 500ല്‍ നിന്നും 625ലേക്കും ഹൈസ്കൂള്‍ 750ല്‍നിന്നും 925ലേക്കുമാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഓണത്തിനുമുമ്പ് ഇത് ലഭിക്കാനിടയില്ല. മുമ്പ് പട്ടികജാതി വകുപ്പാണ് ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികളുടെ ധനസഹായ വിതരണകാര്യങ്ങള്‍ ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം ഒ.ബി.സിയില്‍ നിന്ന് 30ഓളം വിഭാഗങ്ങളെ ഒ.ഇ.സിയിലേക്ക് മാറ്റി. ഇത് ഫണ്ടിന്‍െറ അപര്യാപ്തതക്കും ഇടയാക്കി. ഒ.ഇ.സിക്കാര്‍ക്ക് ഫണ്ട് നല്‍കാനുള്ള അനുമതി പട്ടികജാതി വകുപ്പില്‍നിന്നും ഫണ്ട് അനുവദിക്കേണ്ടത് ഒ.ബി.സി വകുപ്പില്‍നിന്നുമാണ്. മുന്‍ വര്‍ഷങ്ങളില്‍ അതത് സ്കൂളുകളിലെ ഒ.ഇ.സി വിദ്യാര്‍ഥികളുടെ പട്ടിക പ്രധാനാധ്യാപകര്‍ തയാറാക്കി പട്ടികജാതി വകുപ്പിന് കൈമാറും. ഇപ്രകാരം പ്രധാനാധ്യാപകരുടെ അക്കൗണ്ടില്‍ എത്തുന്ന പണമാണ് ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷം മുതലാണ് ഓരോ രക്ഷിതാവും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശം വന്നത്. അതേസമയം, പട്ടികജാതിക്കാരായ വിദ്യാര്‍ഥികളുടെ ധനസഹായം മുന്‍ വര്‍ഷങ്ങളിലേതുപോലെ അനുവദിക്കുകയും ആഴ്ചകള്‍ക്ക് മുമ്പ് വിതരണം പൂര്‍ത്തിയാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.