‘സ്ത്രീധനരഹിത സമൂഹം’ വാട്സ്ആപ് ഗ്രൂപ്പുമായി യുവാക്കള്‍

വടുതല: സോഷ്യല്‍ മീഡിയ കൂട്ടായ്മയിലൂടെ യുവാക്കള്‍ സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരെ രംഗത്ത്. രണ്ടുമാസം മുമ്പ് ഒരുപറ്റം യുവാക്കളുടെ മനസ്സില്‍ വിരിഞ്ഞ ആശയമാണ് ഇത്. തുടര്‍ന്ന്, വാട്സ്ആപ്, ഫേസ്ബുക് എന്നിവ വഴി ബോധവത്കരണം നടത്തി. ‘സ്ത്രീധന രഹിത സമൂഹം’ എന്ന സംഘടനക്ക് രൂപംനല്‍കി. ജാതി മത കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയില്‍ സ്വദേശത്തും വിദേശത്തുമായി ആയിരക്കണക്കിന് അംഗങ്ങളാണുള്ളത്. ഇതിന്‍െറ പ്രവര്‍ത്തന ഫലമായി നിരവധി സ്ത്രീധന രഹിത വിവാഹം നടത്താന്‍ കഴിഞ്ഞു. വിവാഹശേഷം സ്ത്രീധനത്തിന്‍െറ പേരില്‍ കലഹിച്ച് അകന്ന് കഴിയുന്നവര്‍ക്ക് ആവശ്യമായ കൗണ്‍സലിങ്ങും നിയമ പരിരക്ഷയും ചെയ്തുകൊടുക്കുക, സര്‍ക്കാറുമായി സഹകരിച്ച് സ്ത്രീധനം എന്ന വിപത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനം നടത്തുക എന്നിവയും ലക്ഷ്യമാണ്. കൂടാതെ, ജാതിമത ഭേദമന്യേ പണ്ഡിത പുരോഹിതന്മാരുടെയും നിയമപാലകരുടെയും സാംസ്കാരിക നേതാക്കളുടെയും സഹകരണത്തോടെ ഓരോ പ്രദേശങ്ങളിലും സ്ത്രീധന രഹിത സെമിനാറുകളും ബോധവത്കരണ പരിപാടികളും കലാലയങ്ങളില്‍ സ്ത്രീധന രഹിത കാമ്പയിനും സംഘടിപ്പിക്കും. സ്ത്രീധന രഹിത വിവാഹം നടത്താന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് തൊഴില്‍ ഇല്ളെങ്കില്‍ അത് സാധ്യമാക്കികൊടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ സംസ്ഥാന ഓഫിസ് എറണാകുളം ജില്ലയില്‍ ഉടന്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് സ്ത്രീധനരഹിത സമൂഹം സംസ്ഥാന പ്രസിഡന്‍റ് സുധീര്‍ അബ്ദുല്‍ ഖാദറും ജനറല്‍ സെക്രട്ടറി അന്‍വര്‍ഷായും ട്രഷറര്‍ കനി ജബ്ബാറും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.