കഞ്ഞിക്കുഴിയില്‍ ഫോഗിങ്ങും സ്പ്രേയിങ്ങും നടത്തി

ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി നിയന്ത്രിക്കുന്നതിനായി കൊതുക്-കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുഹമ്മ കഞ്ഞിക്കുഴി പ്രദേശത്ത് പ്രത്യേകമായി ഫോഗിങും വെള്ളക്കെട്ടുമുള്ള പ്രദേശങ്ങളില്‍ സ്പ്രേയിങും നടത്തി. ആരോഗ്യവകുപ്പിലെ ജീവനക്കാരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് പദ്ധതിയിലുള്ളവരെയും ഉള്‍പ്പെടുത്തി ജനപ്രതിനിധികളുടെ സഹകരണത്തോടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. കൊതുകിന്‍െറ ഉറവിടങ്ങള്‍, പാഴ്വസ്തുക്കള്‍, പ്ളാസ്റ്റിക് ഇവ ശേഖരിച്ച് നീക്കംചെയ്തു.പൊതുസ്ഥലങ്ങള്‍, ഉപയോഗശൂന്യമായ സ്ഥലങ്ങള്‍, ആങ്കോലച്ചെടി, പ്ളാസ്റ്റിക് എന്നിവ ഉപയോഗിച്ച് വേലി കെട്ടിയിട്ടുള്ളവ, മുളങ്കുറ്റികള്‍ തുടങ്ങിയവയിലാണ് കൂത്താടി കൂടുതലായി കണ്ടുവരുന്നത്. ഇവ നീക്കംചെയ്യുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. ധാരാളം കുളങ്ങള്‍ ഉപയോഗശൂന്യമായിട്ടുള്ളവയില്‍ പ്ളാസ്റ്റിക് കുപ്പിയും മറ്റ് പാഴ്വസ്തുക്കളും നിറഞ്ഞുകിടക്കുന്നതിനാല്‍ കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ചില ഭാഗങ്ങളില്‍ നിലനില്‍ക്കുന്നു. കഞ്ഞിക്കുഴി പ്രദേശത്ത് 33 കുടുംബശ്രീ യൂനിറ്റിലെ ആരോഗ്യദായക വളന്‍റിയര്‍മാരുടെ നേതൃത്വത്തില്‍ ഞായറാഴ്ച വീടുകള്‍ കയറിയിറങ്ങി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.ആലപ്പുഴ നഗരസഭയിലെ വാര്‍ഡുകളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്‍െറയും നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് 17 മുതല്‍ 27 വരെ നടത്തി. 37,428 കൊതുകിന്‍െറ ഉറവിടങ്ങള്‍ നീക്കം ചെയ്തു. സക്കരിയാബസാര്‍, കരളകം, പഴവീട്, തിരുവമ്പാടി, തിരുമല, കളര്‍കോട്, ആലിശേരി, തത്തംപള്ളി, വലിയമരം, പുന്നമട, വഴിച്ചേരി, കൊറ്റംകുളങ്ങര, കിടങ്ങാംപറമ്പ്, എം.ഒ വാര്‍ഡ്, സീവ്യൂ വാര്‍ഡ്, മുല്ലക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്‍െറ ഉറവിടങ്ങള്‍ നീക്കംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.