റോഡ് നിര്‍മാണത്തിലെ അപാകം; സാമൂഹിക പരിശോധന കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പുഴ: ജില്ലയിലെ ചേര്‍ത്തല മുതല്‍ ഓച്ചിറ വരെയുള്ള ദേശീയപാത നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ സമൂഹിക പരിശോധന കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ചെയര്‍മാനും കായംകുളം നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ കണ്‍വീനറും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, എന്‍ജിനീയറായ പ്രേംജിത്ത് എന്നിവരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച കമ്മിറ്റി മന്ത്രി ജി. സുധാകരന്‍െറ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയത്. 18, 20 തീയതികളില്‍ കമ്മിറ്റി ദേശീയപാതയില്‍ പരിശോധന നടത്തി. കോടിക്കണക്കിന് തുക ചെലവിട്ട് നിര്‍മാണം നടത്തിയെങ്കിലും കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് റോഡിന്‍െറ നല്ളൊരുഭാഗം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. ഇതിന് കാരണം ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണെന്ന് വേണുഗോപാല്‍ പറഞ്ഞു. ആലപ്പുഴ-അമ്പലപ്പുഴ നിയോജക മണ്ഡലങ്ങളിലാണ് ദേശീയപാത കൂടുതലായും തകര്‍ന്നിരിക്കുന്നത്. റോഡിന്‍െറ അറ്റകുറ്റപ്പണി നടക്കുന്ന വേളയിലും വര്‍ക്ക് സൂപ്പര്‍വൈസര്‍മാര്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല. അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും അപ്രന്‍റീസുകളും നിര്‍മാണ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. റോഡ് നിര്‍മാണത്തിന്‍െറ മേല്‍നോട്ട ചുമതല വഹിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍ക്ക് ജോലി സംബന്ധിച്ച് ധാരണപോലും ഇല്ലാത്തവരാണ്. ടാര്‍, മെറ്റല്‍ എന്നിവയുടെ അനുപാതം എന്തായിരിക്കണമെന്ന പരിജ്ഞാനം ഇല്ലാതെയാണ് റോഡുകള്‍ നിര്‍മിക്കുന്നത്. കാനകളുടെ അഭാവവും വശങ്ങളിലേക്ക് ഇടതൂര്‍ന്ന് വളരുന്ന മരങ്ങളും ഉയര്‍ന്ന നടപ്പാതകളും റോഡിന്‍െറ തകര്‍ച്ചക്ക് ഇടയാക്കുന്നുണ്ട്. ഓവര്‍സിയര്‍മാരുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയിലെ അറ്റകുറ്റപ്പണി 30നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. നിര്‍മാണപുരോഗതി വിലയിരുത്താന്‍ ഒരാഴ്ചക്ക് ശേഷം വീണ്ടും പരിശോധന നടത്തും. വാര്‍ത്താസമ്മേളനത്തില്‍ കായംകുളം നഗരസഭ ചെയര്‍മാന്‍ ശിവദാസന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ,ചേര്‍ത്തല നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന, എന്‍ജിനീയര്‍ പ്രേംജിത്ത് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.