തൃക്കുന്നപ്പുഴ ചീപ്പ്: നവീകരണം പഠനത്തിലൊതുങ്ങുന്നു

ആറാട്ടുപുഴ: പതിറ്റാണ്ടുകള്‍ പഴക്കമുള്ള തൃക്കുന്നപ്പുഴ ചീപ്പിന്‍െറ നവീകരണം പഠനത്തിലൊതുങ്ങുന്നു. ദേശീയ ജലപാതക്കുവേണ്ടി ചീപ്പ് നവീകരിക്കുന്നതിന് സംസ്ഥാന ജലസേചന വകുപ്പ് പലതവണ പഠനങ്ങള്‍ നടത്തി പദ്ധതികള്‍ ആസൂത്രണം ചെയ്തെങ്കിലും നാളിതുവരെ യാഥാര്‍ഥ്യമായിട്ടില്ല. നവീകരണം വൈകുന്നത് ദേശീയ ജലപാതയുടെ പൂര്‍ത്തീകരണത്തെയും ഗതാഗതത്തെയും പ്രതിസന്ധിയിലാക്കുന്നു. കൊല്ലം-കൊച്ചി ദേശീയ ജലപാതയില്‍ തൃക്കുന്നപ്പുഴ ടി.എസ് കനാലില്‍ തൃക്കുന്നപ്പുഴ പാലത്തിന് താഴെയായാണ് ചീപ്പ് സ്ഥാപിച്ചിട്ടുള്ളത്. കായംകുളം കായലില്‍നിന്നുള്ള ഓരുവെള്ളം വടക്കന്‍ പ്രദേശങ്ങളിലേക്ക് ഒഴുകി അപ്പര്‍ കുട്ടനാട് മേഖലയിലെ കൃഷിക്ക് ദോഷകരമായി ബാധിക്കാതിരിക്കാനാണ് 1973 മാര്‍ച്ചില്‍ തൃക്കുന്നപ്പുഴ പാലത്തിനോടൊപ്പം ചീപ്പും സ്ഥാപിച്ചത്. പാലത്തിന്‍െറ ഇരുവശങ്ങളിലുമായി 16 ഷട്ടറുകളാണുള്ളത്. 9.2 മീറ്റര്‍ വീതിയിലും ആറ് മീറ്റര്‍ വീതിയിലും രണ്ട് കനാലുകളായാണ് ചീപ്പ് നിര്‍മിച്ചിട്ടുള്ളത്. ജലനിരപ്പില്‍നിന്ന് 4.6 അടി ഉയരത്തിലാണ് പാലം നില്‍ക്കുന്നത്. പാലത്തിന് ഉയരവും കനാലിന് വീതിയും കുറവായതിനാല്‍ വലുപ്പമുള്ള മത്സ്യബന്ധന വള്ളങ്ങള്‍ക്കുപോലും ഇതുവഴി കടന്നുപോവുക പ്രയാസമാണ്. കാലപ്പഴക്കത്താലും യാനങ്ങള്‍ വന്നിടിച്ചും ചീപ്പിന്‍െറ കോണ്‍ക്രീറ്റ് നിര്‍മിതികള്‍ പലയിടത്തും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ദേശീയ ജലപാതയുടെ ഭാഗമായി വലിയ യാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ പാലം ഉയര്‍ത്തിയും കനാലുകള്‍ക്ക് വീതികൂട്ടിയും നവീകരിക്കുന്നതിന് പലതവണ പഠനം നടത്തുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിലവിലെ അവസ്ഥയില്‍ മാറ്റം വന്നിട്ടില്ല. 2010ല്‍ നവീകരിച്ച ചീപ്പ് കമീഷന്‍ ചെയ്യുമെന്നായിരുന്നു ഒടുവില്‍ പ്രഖ്യാപിച്ചത്. ദേശീയ ജലപാതയുടെ ഭാഗമായി ചരക്കുകള്‍ സംഭരിക്കുന്നതിനായി തൃക്കുന്നപ്പുഴ ചീപ്പിന് സമീപവും വലിയഴീക്കലും ദേശീയ ഉള്‍നാടന്‍ ജലപാത അതോറിറ്റി കൂറ്റന്‍ ടെര്‍മിനലുകള്‍ സ്ഥാപിച്ചത് വര്‍ഷങ്ങളായി നോക്കുകുത്തിയായി കിടക്കുകയാണ്. സംസ്ഥാന ജലസേചന വകുപ്പ് ആത്മാര്‍ഥത കാട്ടാത്തതാണ് ചീപ്പിന്‍െറ നവീകരണം അനന്തമായി നീളാന്‍ കാരണം.എല്‍.ഡി.എഫ് സര്‍ക്കാര്‍ തൃക്കുന്നപ്പുഴ ചീപ്പിന്‍െറ നവീകരണം സജീവ പരിഗണനയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. നിലവിലെ ചീപ്പിനെ സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ലഭിച്ചതിന്‍െറ അടിസ്ഥാനത്തില്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.