ഗ്രാമസഭക്ക് കേന്ദ്ര സെക്രട്ടറിമാരും

ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡില്‍ നടന്ന വിശേഷാല്‍ ഗ്രാമസഭായോഗം കേന്ദ്ര സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്നുള്ള സെക്രട്ടറിമാരുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. വാര്‍ഡില്‍ തുടര്‍ന്നുവരുന്ന ‘എന്‍െറ മരുത്തോര്‍വട്ടം’ പദ്ധതിയുടെ ഭാഗമായി ജൈവകൃഷി, മലിന്യസംസ്കരണം, പ്ളാസ്റ്റിക് നിര്‍മാര്‍ജനം എന്നിവ മുഖ്യ അജണ്ടയായി നടത്തിയ സംസ്ഥാനത്തെ ആദ്യ ഗ്രാമസഭായോഗമായിരുന്നു ഇത്. വിശേഷാല്‍ ഗ്രാമസഭായോഗം എ.എം. ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയെ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് അംഗം പി.എസ്. ജ്യോതിസ് വിശദീകരിച്ചു. പഞ്ചായത്തിലെ 23 വാര്‍ഡിലെയും ജനപ്രതിനിധികളും ജീവനക്കാരും പങ്കാളികളായി. ഗ്രാമസഭക്ക് മുന്നൊരുക്കമായി നടന്ന വനിതാ ശിങ്കാരിമേളത്തോടൊപ്പം കേന്ദ്രസെക്രട്ടറിമാരും ചുവടുവെച്ചപ്പോള്‍ ഗ്രാമവാസികളും ഒപ്പം ചേര്‍ന്നു. കുരുത്തോല കൊണ്ട് ഉണ്ടാക്കിയ പമ്പരം, ഓണപ്പന്ത്, ഓലപീപ്പി, കുരുത്തോലപാവകള്‍ എന്നിവ സമ്മാനിച്ച് പാളത്തൊപ്പിയും ചൂടിച്ചാണ് സംഘത്തെ വരവേറ്റത്. യോഗത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹായം ഉണ്ടാകുമെന്നും കേന്ദ്രസംഘം അറിയിച്ചു. ഹോം അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി സതീഷ് കുമാര്‍ സിന്‍ഹ, മിനിസ്ട്രി ഓഫ് പവര്‍ ട്രെയ്നര്‍ അനീറ്റ സൈനി, ഡിപ്പാര്‍ട്മെന്‍റ് ഓഫ് പേഴ്സനല്‍ ട്രെയ്നര്‍ അണ്ടര്‍ സെക്രട്ടറി ഗ്രേസി വര്‍ഗീസ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി മിനു ബജാജ്, മിനിസ്ട്രി ഓഫ് ട്രൈബല്‍ അണ്ടര്‍ സെക്രട്ടറി നജിം മുഹമ്മദ്, മിനിസ്ട്രി ഓഫ് അര്‍ബന്‍ ഡെവലപ്മെന്‍റ് അണ്ടര്‍ സെക്രട്ടറി ദിനകര്‍ രാജ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് യു.പി.എസ്.സി ഇന്‍ ന്യൂഡല്‍ഹി അണ്ടര്‍ സെക്രട്ടറി രമാശങ്കര്‍, മിനിസ്ട്രി ഓഫ് ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി കെ.പി. സിനീഷ്, ഡിപ്പാര്‍ട്മെന്‍റ് ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസ് അണ്ടര്‍ സെക്രട്ടറി വിജയി പട്നായിക്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ദൂരദര്‍ശന്‍ കെ.കെ. അശോകന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ കോളനികള്‍, അങ്കണവാടികള്‍, ബഡ്സ് സ്കൂള്‍, കൃഷിസ്ഥലങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തന കേന്ദ്രങ്ങള്‍ തുടങ്ങിയവ സംഘം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.