വള്ളികുന്നം സെക്ഷന്‍ ഓഫിസ് തുടങ്ങി: വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടാന്‍ പദ്ധതികള്‍ നടപ്പാക്കും –മന്ത്രി

കായംകുളം: വൈദ്യുതി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്ന തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വള്ളികുന്നം വൈദ്യുതി സെക്ഷന്‍ ഓഫിസിന്‍െറ ഉദ്ഘാടനം ചൂനാട്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പാദനമേഖലയിലെ പിന്നാക്കാവസ്ഥ കാരണം വൈദ്യുതിരംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതു മറികടക്കാന്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനുരുജ്ജീവിപ്പിക്കും. ജനസാന്ദ്രതയും പാരിസ്ഥിതിക ഘടനയും പരിഗണിച്ചുള്ള പദ്ധതികളാണ് നടപ്പാക്കുക. നിലവില്‍ ആവശ്യമുള്ളതിന്‍െറ 35 ശതമാനമാണ് ഉല്‍പാദിപ്പിക്കുന്നത്. 65 ശതമാനത്തോളം വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതാണ് പ്രശ്നം. വൈദ്യുതി നല്‍കുന്നവരുടെ നിബന്ധനകള്‍ പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പ്രതിസന്ധി മറികടക്കണമെങ്കില്‍ പുതിയ പദ്ധതികള്‍ വരണം. കൂടങ്കുളത്തുനിന്ന് വൈദ്യുതി എത്തിക്കുമ്പോള്‍ പ്രസരണനഷ്ടം ഇനത്തില്‍ മാത്രം അമ്പത് കോടിയുടെ ബാധ്യതയാണ് വരുന്നത്. ഇതിനെല്ലാം പരിഹാരം കാണുന്ന തരത്തില്‍ നയങ്ങള്‍ ആവിഷ്കരിച്ച് പ്രാവര്‍ത്തികമാക്കും. പുതിയ ഓഫിസുകള്‍ വരുമ്പോള്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ബോര്‍ഡിനുണ്ടാകുന്നത്. ഇതിനാല്‍ മുന്‍ഗണനാ ക്രമത്തിലും സാധ്യതകള്‍ പരിശോധിച്ചും മാത്രമെ പുതിയ ഓഫിസുകള്‍ ഇനി അനുവദിക്കൂ. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ സര്‍ക്കാറിന് താല്‍പര്യമില്ല. വൈദ്യുതി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ ജനകീയ സഹകരണം അനിവാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആര്‍. രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. വൈദ്യുതി ഡിസ്ട്രിബ്യൂഷന്‍-സേഫ്റ്റി ജനറേഷന്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, റീജിയനല്‍ ചീഫ് എന്‍ജിനീയര്‍ സി.വി. നന്ദന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. വിമലന്‍, മുന്‍ എം.പി സി.എസ്. സുജാത, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുമ, അംഗം അരിത ബാബു, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ജി. മുരളി, പ്രഫ. വി. വാസുദേവന്‍, വൈസ് പ്രസിഡന്‍റ് ബിജി പ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. വി.കെ. അനില്‍, എന്‍. വിജയകുമാര്‍, എ. അമ്പിളി, ഗീത മധു തുടങ്ങിയവര്‍ സംസാരിച്ചു. ഓഫിസിന് കെട്ടിടം ഒരുവര്‍ഷത്തേക്ക് സൗജന്യമായി നല്‍കിയ താന്നിക്കല്‍ അഹ്മദ് കുഞ്ഞിനെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.