കായംകുളം നഗരസഭാ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു

കായംകുളം: ഹൈകോടതി ഉത്തരവിന്‍െറ മറവില്‍ കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍-വൈന്‍ പാര്‍ലര്‍ അനുമതി നല്‍കിയ നഗരസഭാ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെയര്‍മാനും യു.ഡി.എഫും വാദപ്രതിവാദങ്ങളുമായി രംഗത്തിറങ്ങിയതോടെ വിഷയത്തിന് രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. യു.ഡി.എഫ് ഭരണത്തിലെ തീരുമാനം കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സെക്രട്ടറിയാണ് നടപ്പാക്കിയതെന്നും ഇതിന് ഉത്തരവാദിയല്ളെന്നുമാണ് ചെയര്‍മാന്‍െറ വാദം. യു.ഡി.എഫിന്‍െറ പ്രതിഷേധം രാഷ്ട്രീയനാടകമാണെന്നും അത് പൊതുജനമധ്യത്തില്‍ തുറന്നുകാട്ടുമെന്നും ചെയര്‍മാന്‍ പറയുന്നു. എന്നാല്‍, ഇടതുസര്‍ക്കാറിന്‍െറ മദ്യനയം വരുന്നതുവരെ അനുമതി നല്‍കില്ളെന്നും കോടതിയില്‍നിന്ന് സാവകാശം വാങ്ങുമെന്നും ഉറപ്പ് നല്‍കിയ ചെയര്‍മാന്‍ കൗണ്‍സിലിനെ നോക്കുകുത്തിയാക്കിയെന്നാണ് യു.ഡി.എഫ് വാദം. വിഷയത്തില്‍ ഭരണകക്ഷി അംഗങ്ങള്‍ ചെയര്‍മാനോട് യോജിക്കാത്തതിനാല്‍ ഇടതുമുന്നണിയിലും വിഷയം പുകയുകയാണ്. ഘടകകക്ഷി പ്രതിനിധികളായ വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരോട് ആലോചിക്കാതെ ഏകപക്ഷീയമായി അനുമതി നല്‍കിയതാണ് ഭരണകക്ഷിയിലെ അസ്വാരസ്യങ്ങള്‍ക്ക് കാരണം. അഞ്ച് ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ വിഷയത്തില്‍ പരസ്യ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നാണ് അറിയുന്നത്. അനുമതി വിഷയം വിശദീകരിക്കാന്‍ ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഘടകകക്ഷി പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതും അതിന്‍െറ ഭാഗമാണെന്ന് അറിയുന്നു. അതിനിടെ, നഗരസഭയെ കൂടി കക്ഷി ചേര്‍ത്ത് ബിയര്‍-വൈന്‍ പാര്‍ലര്‍ അനുമതിക്കെതിരെ ഹൈകോടതിയില്‍ പൊതുതാല്‍പര്യഹരജി ഫയല്‍ ചെയ്യാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.