നെഹ്റുട്രോഫി: വീയപുരം കരക്കാര്‍ തീവ്ര പരിശീലനത്തില്‍

ഹരിപ്പാട്: ഇത്തവണ അപ്പര്‍കുട്ടനാട്ടിലേക്ക് നെഹ്റുട്രോഫി കൊണ്ടുവരണമെന്ന ദൃഢനിശ്ചയത്തിലാണ് വീയപുരം കരക്കാര്‍. വീയപുരം ബോട്ട്ക്ളബിന് വേണ്ടി തീവ്ര പരിശീലനത്തിലാണ് കരക്കാര്‍. കഴിഞ്ഞവര്‍ഷമാണ് ബോട്ട്ക്ളബ് രൂപവത്കരിച്ചത്. നെടുമുടി മഹാദേവന്‍ ചുണ്ടനിലാണ് അന്ന് മത്സരിച്ചതെങ്കില്‍ ഇത്തവണ കരുവാറ്റ ശ്രീവിനായകനിലേറിയാണ് വീയപുരക്കാര്‍ പുന്നമടയില്‍ എത്തുക. കഴിഞ്ഞതവണ നന്നായി പരിശീലനം നടത്തിയെങ്കിലും വളരെ അകലെയായിരുന്നു സ്ഥാനം. ഇത്തവണ തികഞ്ഞ ശുഭപ്രതീക്ഷയാണുള്ളത്. തുഴച്ചില്‍ക്കാര്‍ക്ക് ആവേശം പകര്‍ന്ന് കരക്കാര്‍ ഒപ്പമുണ്ട്. 30 ലക്ഷം രൂപ മുടക്കി പുതുക്കിപ്പണിത ശ്രീവിനായകന്‍ സ്വകാര്യ ട്രസ്റ്റ് വകയാണ്. 53 കോല്‍ നീളവും 48 അംഗുലം വണ്ണവും ചുണ്ടനുണ്ട്. ഒമ്പത് നിലക്കാരും അഞ്ച് പങ്കായക്കാരും 85 തുഴക്കാരും ഉള്‍പ്പെടെ 99 പേരാണ് വള്ളത്തില്‍ ഉണ്ടാകുക. ഈമാസം ഒന്നിന് പമ്പയാറ്റില്‍ നട്ടയം കടവിനടുത്ത് നിന്നാണ് പരിശീലന തുഴച്ചില്‍ ആരംഭിച്ചത്. 10 ദിവസം പരിശീലനത്തിന് പത്തുലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുഴച്ചില്‍ക്കാര്‍ക്ക് 800 രൂപയും ആഹാരവും ചെലവും നല്‍കും. കരക്കാരില്‍നിന്ന് പണം കണ്ടത്തെിയാണ് ചെലവ് നടത്തുന്നത്. സൈമണ്‍ എബ്രഹാം ക്യാപ്റ്റനും എസ്. ശ്രീകുമാര്‍ ലീഡിങ് ക്യാപ്റ്റനുമാണ്. ജോഷ്വ നന്നങ്കേരി (പ്രസി.), എ.എം. നിസാര്‍ (സെക്ര.), തങ്കപ്പന്‍ (ട്രഷ.), എം. ഭാസ്കരന്‍ (രക്ഷാ.) എന്നിവരാണ് മറ്റ് നായകന്മാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.