ദുര്‍ഘടമാണ് ഈ അക്ഷരമാര്‍ഗം

ചാരുംമൂട്: കല്ലും മുള്ളും ചളിയും നിറഞ്ഞ പൊന്തക്കാടുകള്‍ക്ക് ഇടയിലൂടെയുള്ള വഴി. അവിടെ ഇഴജന്തുക്കളുടെ വിഹാരവും. അതിനിടയിലൂടെയാണ് അക്ഷരമാര്‍ഗത്തിലത്തൊന്‍ അങ്കണവാടിയിലേക്ക് കുരുന്നകള്‍ പോകുന്നത്. പാലമേല്‍ പഞ്ചായത്ത് 10ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന 76ാം നമ്പര്‍ അങ്കണവാടിയിലെ കുരുന്നുകള്‍ക്കാണ് ഈ ദുര്‍ഗതി. ആദിക്കാട്ടുകുളങ്ങര-കുടശനാട് റോഡില്‍ പുളിച്ചിക്കുളങ്ങര ജങ്ഷന് അടുത്താണ് അങ്കണവാടി. നാട്ടുകാര്‍ പിരിവെടുത്ത് സ്വകാര്യവ്യക്തിയില്‍നിന്ന് വാങ്ങിയ മൂന്നുസെന്‍റ് സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഷങ്ങളോളം സമീപത്തെ വീടുകളിലായിരുന്നു അങ്കണവാടി. അഞ്ചുവര്‍ഷം മുമ്പാണ് ജനപ്രതിനിധികളുടെ ഫണ്ടും സാമൂഹികക്ഷേമ വകുപ്പിന്‍െറ സഹായവുംകൊണ്ട് കെട്ടിടം പൂര്‍ത്തീകരിച്ചത്. എന്നാല്‍, അവിടേക്കുള്ള വഴി കാടുപിടിച്ചുതന്നെ. കുഞ്ഞുങ്ങളെയുംകൊണ്ട് മുതിര്‍ന്നവര്‍ ഇതുവഴി പോകുന്നത് ഭീതിയോടെയാണ്. 75 മീറ്ററോളം വരുന്ന വഴിക്ക് ആവശ്യമായ വീതിയില്ല. പത്തടിയോളം പൊക്കത്തില്‍നിന്ന് താഴോട്ടുള്ള ഭാഗം പൂര്‍ണമായും തകര്‍ന്നുകിടക്കുകയാണ്. വഴിയുടെ ഒരുവശത്ത് കരിങ്കല്‍കെട്ടാണ്. ഇതിനോടുചേര്‍ന്ന് പ്രധാന റോഡില്‍നിന്നുള്‍പ്പെടെ വെള്ളം ഒഴുകുന്ന മൂന്നടിയോളം താഴ്ചയുള്ള ഓടയുമുണ്ട്. കുഞ്ഞുങ്ങളുടെ കാലുതെറ്റിയാല്‍ വീഴുന്നത് പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്ക്. പലതരത്തിലുള്ള അപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. വഴി സഞ്ചാരയോഗ്യമാക്കുന്നത് സംബന്ധിച്ച് നിരവധിതവണ അധികാരികളെ കണ്ടെങ്കിലും ഫലമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.