കടല്‍ കലിതുള്ളി; എല്ലാം നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികള്‍

ആലപ്പുഴ: കടല്‍ രോഷാകുലയായപ്പോള്‍ നഷ്ടമായത് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം. പുന്നപ്ര ചള്ളികടപ്പുറത്ത് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നടിഞ്ഞത് നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ചാകര പ്രതീക്ഷയാണ്. ഒപ്പം കോടികളുടെ നഷ്ടവും. രണ്ടു ദിവസമായി ചള്ളികടപ്പുറത്ത് ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ വള്ളങ്ങള്‍ കരക്കിട്ടിരുന്നത്. എന്നാല്‍, ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ 27ഓളം വള്ളങ്ങള്‍ തിരയില്‍പ്പെട്ട് കടലില്‍ വീഴുകയായിരുന്നു. വള്ളത്തോടൊപ്പം എന്‍ജിനും വലയും മറ്റുപകരണങ്ങളും തകര്‍ന്നതോടെ ഏകശേദം 600ഓളം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നിലച്ചു. തീരദേശ ജനതക്ക് അപ്രതീക്ഷിതമായിരുന്നു ഈ ദുരന്തം. 60 മുതല്‍ 65 ലക്ഷം രൂപവരെ വിലവരുന്ന വലിയ മത്സ്യബന്ധന വള്ളങ്ങളും തകര്‍ന്നതില്‍ ഉള്‍പ്പെടുന്നു. 35ഓളം തൊഴിലാളികളാണ് ഇത്തരം വള്ളങ്ങളില്‍ പണിക്കുപോകുന്നത്. 18 മുതല്‍ 22 വരെ തൊഴിലാളികള്‍ ജോലിക്കുപോകുന്ന വള്ളങ്ങളും തകര്‍ന്നു. മത്സ്യഫെഡില്‍നിന്ന് സ്വകാര്യ വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമൊക്കെ പണം വായ്പയെടുത്താണ് ഭൂരിഭാഗം തൊഴിലാളികളും വള്ളമിറക്കിയിരിക്കുന്നത്. ഇതെല്ലാമാണ് കടല്‍ക്ഷോഭത്തില്‍ ഇല്ലാതായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.