മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് : നിര്‍മാണം തടസ്സപ്പെടുന്നത് ഗൗരവതരം –കെ.സി.വേണുഗോപാല്‍ എം.പി

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക്കിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 10 ദിവസങ്ങളായി തൊഴില്‍ തര്‍ക്കങ്ങള്‍മൂലം ആരംഭിക്കാന്‍പോലും കഴിയാത്ത അവസ്ഥ അതീവ ഗൗരവതരമാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി. 150 കോടിയാണ് കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജയില്‍ ഉള്‍പ്പെടുത്തി സൂപ്പര്‍ സ്പെഷാലിറ്റി ബ്ളോക് നിര്‍മാണത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിന് അനുവദിച്ചത്. തൃശൂര്‍, കോട്ടയം മെഡിക്കല്‍ കോളജുകള്‍ക്ക് ലഭിക്കുന്നതില്‍ കൂടുതല്‍ പരിഗണന ആലപ്പുഴക്ക് വേണമെന്ന് അന്നത്തെ സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയാണ് അനുമതികള്‍ നേടിയെടുത്തത്. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഘട്ടംഘട്ടമായി ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തി സമീപ ജില്ലയിലുള്ളവര്‍ക്കുകൂടി പ്രയോജനകരമായ വിധത്തില്‍ ആധുനീകരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പണം അനുവദിച്ചത്. എന്നാല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടം വന്നപ്പോള്‍ തൊഴിലാളി യൂനിയനുകളുടെ കടുംപിടിത്തം മൂലം തടസ്സമുണ്ടാകുന്നത് അങ്ങേയറ്റം ദു$ഖകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച കത്തില്‍ എം.പി ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിയുമായി ഫോണില്‍ സംസാരിച്ചതായും എം.പി അറിയിച്ചു. നിര്‍മാണപ്രവൃത്തി ആരംഭിച്ച് 18 മാസംകൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് യൂട്ടലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചില്ലായെങ്കില്‍ അനുവദിച്ച തുക പാഴായിപ്പോകും എന്ന വ്യവസ്ഥ നിലനില്‍ക്കെ തൊഴില്‍തര്‍ക്കം അവസാനിപ്പിക്കാന്‍ കഴിഞ്ഞ 10 ദിവസങ്ങളായി സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നുംതന്നെ ഉണ്ടായിട്ടില്ലായെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ മേഖലയില്‍ ഒരു അത്യന്താധുനിക സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലായി ആലപ്പുഴ മെഡിക്കല്‍ കോളജിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യംവെച്ച് ആവിഷ്കരിച്ചിട്ടുള്ള ഈ പദ്ധതി തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന്‍െറ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.