എടത്വ: ദക്ഷിണേന്ത്യയിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് 27ന് കൊടിയേറും. രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, മധ്യസ്ഥപ്രാര്‍ഥന, ലദീഞ്ഞ് എന്നിവക്ക് ശേഷം 7.30ന് പള്ളി വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് തക്കല രൂപത മെത്രാന്‍ മാര്‍. ജോര്‍ജ് രാജേന്ദ്രന്‍െറ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും നടക്കും. ഓരോവര്‍ഷവും തമിഴ്നാട്ടില്‍നിന്ന് ലക്ഷക്കണക്കിന് ഭക്തരാണ് എടത്വായില്‍ എത്തുന്നത്. പ്രധാന തിരുനാള്‍ ദിനമായ മേയ് ഏഴുവരെ തമിഴ്നാട്ടിലെ രാജാക്കമംഗലം, കന്യാകുമാരി തുറക്കാര്‍ക്കാണ് തിരുനാള്‍ നടത്താനുള്ള അവകാശം. വലകെട്ടുന്ന തലനൂല്‍, വള്ളത്തില്‍ കെട്ടുന്ന കൊടി, ഉപ്പ്, കുരുമുളക്, മലര്‍ എന്നിവ പള്ളിയില്‍നിന്ന് നേര്‍ച്ചയായി നല്‍കുന്നു. 27 മുതല്‍ മേയ് ഏഴുവരെ എല്ലാ ദിവസവും മലയാളം കുര്‍ബാന കൂടാതെ നാലുപ്രാവശ്യം തമിഴ് കുര്‍ബാനയും ഇവര്‍ക്കായി നടക്കും. മൂന്നിന് രാവിലെ 7.30ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടത്തിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കുശേഷം വിശുദ്ധന്‍െറ തിരുസ്വരൂപം ദേവാലയകവാടത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ പെരുന്നാളിന് തിരക്കേറും. തിരുനാള്‍ദിനത്തില്‍ പള്ളിയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ എടത്വാ സെന്‍റ് അലോഷ്യസ് കോളജ് മൈതാനത്ത് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ ബില്‍ബി മാത്യു കണ്ടത്തില്‍, പബ്ളിസിറ്റി കണ്‍വീനര്‍ ജയന്‍ ജോസഫ് പുന്നപ്ര എന്നിവര്‍ പറഞ്ഞു. മേയ് 14ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.