കനാല്‍ സൗന്ദര്യവത്കരണം പാതിവഴിയില്‍; ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിക്കുന്നു

ആലപ്പുഴ: നഗരശുചീകരണത്തിന്‍െറ ഭാഗമായ കനാല്‍ സൗന്ദര്യവത്കരണം പാതിവഴിയില്‍ നിന്നതോടെ ലക്ഷങ്ങളുടെ ഉപകരണങ്ങള്‍ നശിക്കുന്നു. വിശ്രമിക്കാന്‍ ടൈല്‍സ് വിരിച്ചുള്ള സംവിധാനങ്ങള്‍, ഇരിപ്പിടങ്ങള്‍, അലങ്കാര ലൈറ്റുകള്‍, പൂച്ചെടികള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിപാലിക്കാനോ നിരീക്ഷിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ്. ശവക്കോട്ട പാലം മുതല്‍ വഴിച്ചേരി വരെയും സ്വിമ്മിങ് പൂള്‍ ഏരിയയിലുമാണ് ഇവ നശിക്കുന്നത്. കുട്ടികള്‍ക്കായി കനാല്‍ തീരത്ത് നിര്‍മിച്ച ഊഞ്ഞാലുകള്‍, ലൈറ്റുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ നശിച്ചു. വൈദ്യുതി വിളക്കുകള്‍ പലതും റോഡിലേക്ക് ചരിഞ്ഞ് വീഴാറായ നിലയിലാണ്. 2005 ജൂണില്‍ 13 കോടി മുതല്‍മുടക്കി മെഗാ ടൂറിസം പദ്ധതി ആയിട്ടാണ് നടപ്പാക്കിയത്. 2007 ഏപ്രില്‍ മാസത്തോടെ ജോലികള്‍ പൂര്‍ത്തിക്കരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയിരുന്നത് കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കിറ്റ്കോ) ആയിരുന്നു. ഏകോപനം, കരാര്‍ ജോലിക്കാരുടെ നിയമനം, സാങ്കേതിക സഹായങ്ങള്‍ ലഭ്യത ഉറപ്പാക്കുക എന്നിവയായിരുന്നു ഇവര്‍ ഏറ്റെടുത്ത ചുമതലകള്‍. വാടക്കനാല്‍, ലിങ്ക് കനാല്‍, കോമേഴ്സ്യല്‍ കനാല്‍ എന്നീ പ്രധാന കനാലുകളെ ബന്ധിപ്പിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്. ഒരുമാസം കൊണ്ടുതന്നെ ലിങ്ക് കനാല്‍ പ്രദേശം പൂര്‍ണമായി വൃത്തിയാക്കാന്‍ കഴിഞ്ഞു. ഇതിനായി 65 ലക്ഷം രൂപയിലധികം ചെലവഴിച്ചു. പദ്ധതിക്കായി നീക്കിവെച്ച ഫണ്ട് ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടതോടെ വാടക്കനാലിലെയും കോമേഴ്സ്യല്‍ കനാലിലെയും പ്രവൃത്തികള്‍ തടസ്സപ്പെട്ടു. പിന്നീട് ജനപ്രതിനിധികളും മറ്റും ഇടപെട്ട് തുക അനുവദിച്ചതോടെ സന്ദര്‍ശകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, ലൈറ്റ് സംവിധാനങ്ങള്‍, പുല്‍ത്തകിടി, കളി ഉപകരണങ്ങള്‍ എന്നിവ സ്ഥാപിച്ചു. പദ്ധതി വിഹിതം ലഭിക്കുന്നതില്‍ വീണ്ടും കാലതാമസം നേരിട്ടതോടെ കാര്യങ്ങള്‍ അവതാളത്തിലായി. കനാലുകളിലെ ആഴംകൂട്ടുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത കരാര്‍ തൊഴിലാളികള്‍ക്ക് പറഞ്ഞുറപ്പിച്ച തുക നല്‍കാന്‍ കഴിയാതെ വന്നു. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത വന്നതോടെ ഇവര്‍ പരാതിയുമായി കോടതിയെ സമീപിച്ചു. പ്രശ്നത്തിന് ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.