പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷം

മാന്നാര്‍: പരുമലയില്‍ നടന്ന കൊലപാതകത്തിലെ പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ സംഘര്‍ഷം. മൂന്ന് പ്രതികളില്‍ ഒരാളെയാണ് പൊലീസ് തെളിവെടുപ്പിന് പരുമലയിലെ വീട്ടില്‍ കൊണ്ടുവന്നത്. പരുമല കാട്ടില്‍ കിഴക്കേതില്‍ ഫ്രാന്‍സിസ ്ബ്രൂണായാണ്(വാവച്ചന്‍-51) മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അയല്‍വാസികളും ബന്ധുക്കളുമായ പുത്തന്‍പുരയില്‍ പി.പി. ജോണ്‍, മകന്‍ ജെന്നി പി. ജോണ്‍, അനുജന്‍ ആന്‍റണി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ പ്രതികളെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് പി.പി. ജോണിനെ തെളിവെടുപ്പിനായി പരുമലയിലെ ഇയാളുടെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് സംഘര്‍ഷമുണ്ടായത്. സംഭവമറിഞ്ഞ് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിക്കുനേരെ ആക്രോശങ്ങളും അസഭ്യവുമായി എത്തുകയായിരുന്നു. പെട്ടെന്ന് പൊലീസ് ഇയാളെ വീട്ടിനുള്ളിലാക്കി. കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വഷളാകുമെന്ന് കണ്ട പൊലീസ് വീടിന്‍െറ പിന്‍വാതിലിലൂടെ പ്രതിയുമായി ജീപ്പില്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ 20നാണ് പ്രതികള്‍ ചേര്‍ന്ന് വാവച്ചനെ ടോര്‍ച്ചിനടിച്ച് നിലത്തിട്ട ശേഷം ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവെച്ച് മരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.